ഡൽഹിയിൽ ബസ് കത്തിച്ചതു മാത്രമല്ല, അലിഗഢിൽ വാഹനങ്ങൾ തല്ലിത്തകർത്തതും പോലീസ് തന്നെ; ദൃശ്യങ്ങൾ പുറത്തുവന്നു

ഡൽഹിയിൽ ബസ് കത്തിച്ചതു മാത്രമല്ല, അലിഗഢിൽ വാഹനങ്ങൾ തല്ലിത്തകർത്തതും പോലീസ് തന്നെ; ദൃശ്യങ്ങൾ പുറത്തുവന്നു

ഡൽഹി ജാമിയ മില്ലിയ യൂനിവേഴ്‌സിറ്റി ക്യാമ്പസിനുള്ളിൽ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് അലിഗഢ് സർവകലാശാലയിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടയിലും പോലീസ് അക്രമം. പ്രതിഷേധമൊക്കെ കഴിഞ്ഞ് വിദ്യാർഥികൾ മടങ്ങിയതിന് ശേഷം സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങൾ പോലീസ് കൂട്ടത്തോടെ തല്ലിത്തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു

അലിഗഢിൽ വിദ്യാർഥികളുമായി പോലീസ് ഏറ്റുമുട്ടിയിരുന്നു. തുടർന്ന് പ്രദേശത്തെ ഇന്റർനെറ്റ് സേവനങ്ങൾ പതിവുപോലെ സർക്കാർ വിച്ഛേദിക്കുകയും ചെയ്തു. പ്രതിഷേധത്തെ തുടർന്ന് യൂനിവേഴ്‌സിറ്റി ജനുവരി 5 വരെ അടച്ചിട്ടിരിക്കുകയാണ്. വിദ്യാർഥികളെ ക്യാമ്പസിൽ നിന്ന് പോലീസ് പുറത്താക്കുകയും ചെയ്തിരുന്നു

വിദ്യാർഥികൾ പോയതിന് പിന്നാലെയാണ് സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങൾ ലാത്തി കൊണ്ടും വടി കൊണ്ടും ഉത്തർപ്രദേശ് പോലീസ് തല്ലിത്തകർക്കുന്നത്. ഇതിന്റെ പഴിയും വിദ്യാർഥികൾക്ക് മേൽ ചാർത്താനാണെന്നാണ് ആരോപണം.

നേരത്തെ ഡൽഹിയിൽ ജാമിയ യൂനിവേഴ്‌സിറ്റിയിലെ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭത്തിനിടെ പോലീസ് തന്നെ സർക്കാർ ബസുകൾ കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിദ്യാർഥികൾ ബസ് കത്തിച്ചുവെന്നായിരുന്നു പോലീസ് ആദ്യം ആരോപിച്ചത്. എന്നാൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇത് നുണയാണെന്ന് തെളിയുകയായിരുന്നു

 

Share this story