ഡൽഹി പോലീസ് ആസ്ഥാനം വിദ്യാർഥികളും യുവജനങ്ങളും ഉപരോധിച്ചു; കസ്റ്റഡിയിലെടുത്തവരെ പുലർച്ചെയോടെ വിട്ടയച്ചു

ഡൽഹി പോലീസ് ആസ്ഥാനം വിദ്യാർഥികളും യുവജനങ്ങളും ഉപരോധിച്ചു; കസ്റ്റഡിയിലെടുത്തവരെ പുലർച്ചെയോടെ വിട്ടയച്ചു

ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ പോലീസ് നടത്തിയ അതിക്രമത്തിലും വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തതിലും പ്രതിഷേധിച്ച് ഡൽഹി പോലീസ് ആസ്ഥാനം ഉപരോധിച്ച് നൂറുകണക്കിന് വിദ്യാർഥികളും യുവാക്കളും. കൊടുംതണുപ്പിനെ പോലും അവഗണിച്ചാണ് രാത്രി മുഴുവൻ വിദ്യാർഥികളും യുവാക്കളും ചേർന്ന് പോലീസ് ആസ്ഥാനം ഉപരോധിച്ചത്.

പ്രതിഷേധക്കാരെ നേരിടാൻ സർവസന്നാഹങ്ങളുമായി പോലീസും തയ്യാറായതോടെ രാജ്യതലസ്ഥാനത്ത് യുദ്ധസമാനമായ സ്ഥിതിയായിരുന്നു. എന്നാൽ തിങ്കളാഴ്ച പുലർച്ചെ 3.30ഓടെ കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെയെല്ലാം വിട്ടയച്ചതായി പോലീസ് പി ആർ ഒ ആയ എം എസ് രൺധവ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഉപരോധം അവസാനിപ്പിക്കാൻ വിദ്യാർഥികൾ തയ്യാറായത്.

ജാമിയ മിലിയ, ജെ എൻ യു വിദ്യാർഥികളും ഡി വൈ എഫ് ഐ പ്രവർത്തകരുമാണ് ഉപരോധ സമരത്തിൽ പങ്കെടുത്തത്. പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി രാജ്യത്തെ വിവിധ സർവകലാശാലകളിലും നഗരങ്ങളിലും വിദ്യാർഥികളും യുവജനങ്ങളും തെരുവിലിറങ്ങി

അലിഗഡ് മുസ്ലീം സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, ഹൈദരാബാദ് മൗലാന ആസാദ് ഉർദു സർവകലാശാല, ജെ എൻ യു, ജാദവ് പൂർ സർവകലാശാല, ബോംബെ ഐഐടി എന്നിവിടങ്ങളിലും പ്രതിഷേധങ്ങൾ അരങ്ങേറി. അലിഗഡിൽ പോലീസും വിദ്യാർഥികളും ഏറ്റുമുട്ടി. സ്ഥിതിഗതികൾ കണക്കിലെടുത്തു ജനുവരി 5 വരെ സർവകലാശാല അടച്ചിട്ടു. മീററ്റ്, അലിഗഢ്, സഹാറൻപൂർ എന്നിവിടങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി

ജാമിയ മിലിയ, ഡൽഹി പോലീസ്, പൗരത്വ ഭേദഗതി

Share this story