കാത്തിരുന്ന വിപ്ലവം വരുന്നുവെന്ന് മാർക്കണ്ഡേയ കട്ജു; ജാമിയയിലെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം

കാത്തിരുന്ന വിപ്ലവം വരുന്നുവെന്ന് മാർക്കണ്ഡേയ കട്ജു; ജാമിയയിലെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു. വിദ്യാർഥിനികൾക്ക് നേരെ പോലീസ് നടത്തിയ അക്രമങ്ങളുടെ വീഡിയോ പങ്കുവെച്ചാണ് കട്ജു ട്വീറ്റ് ചെയ്തത്.

കാത്തിരുന്ന വിപ്ലവം വരുന്നുവെന്ന് ഞാൻ ഉറപ്പ് നൽകുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. വിദ്യാർഥികൾക്ക് പിന്തുണയുമായി ജാമിയ മിലിയയിലെ വൈസ് ചാൻസലറും രംഗത്തുവന്നിരുന്നു. ഈ പോരാട്ടത്തിൽ അവർ ഒറ്റക്കല്ലെന്നും താൻ അവരോടൊപ്പം ഉണ്ടെന്നും വി സി നജ്മ അക്തർ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി

എന്റെ വിദ്യാർഥികളോട് ചെയ്തതു കണ്ട് സഹിക്കാനാകുന്നില്ല. ഈ പോരാട്ടത്തിൽ അവർ ഒറ്റയ്ക്കല്ലെന്നാണ് അവരോടു പറയാനുള്ളത്. ഞാൻ അവർക്കൊപ്പമുണ്ട്. ഈ വിഷയം കഴിയുന്നിടത്തോളം മുന്നോട്ടു കൊണ്ടുപോകുമെന്നും വി സി പറഞ്ഞു.

ക്യാമ്പസിനുള്ളിൽ പോലീസ് പ്രവേശിച്ചത് അനുമതി കൂടാതെയാണെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കിയിരുന്നു. ക്യാമ്പസിനുള്ളിൽ നിന്ന് അമ്പതോളം വിദ്യാർഥികളെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. ഇവരെ പുലർച്ചെയോടെ വിട്ടയക്കുന്നതുവരെ വിദ്യാർഥികൾ ഡൽഹി പോലീസ് ആസ്ഥാനം ഉപരോധിച്ചിരുന്നു

 

Share this story