ഉന്നാവോ ബലാത്സംഗം: ബിജെപി എംഎൽഎ കുൽദീപ് സെൻഗാർ കുറ്റക്കാരനെന്ന് കോടതി

ഉന്നാവോ ബലാത്സംഗം: ബിജെപി എംഎൽഎ കുൽദീപ് സെൻഗാർ കുറ്റക്കാരനെന്ന് കോടതി

ഏറെ വിവാദമായ ഉന്നാവോ ബലാത്സംഗ കേസിൽ മുഖ്യപ്രതിയും ബിജെപി എംഎൽഎയുമായ കുൽദീപ് സിംഗ് സെൻഗാർ കുറ്റക്കാരനെന്ന് കോടതി. ഡൽഹി പ്രത്യേക കോടതി ജഡ്ജി ധർമേന്ദ്ര കുമാറാണ് ഉന്നാവോ കേസിലെ വിധി പ്രസ്താവിച്ചത്. ഇയാൾക്കുള്ള ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും.

സഹപ്രതിയും സെൻഗാറിന്റെ ബന്ധുവുമായ ശശി സിംഗിന് സംശയത്തിന്റെ ആനുകൂല്യം നൽകുന്നതായും ജഡ്ജി വ്യക്തമാക്കി. പോക്‌സോ കേസുകൾ അന്വേഷിക്കുന്നതിന് കാര്യപ്രാപ്തിയും വൈദഗ്ധ്യവുമുള്ളവർ ഇന്ത്യയിൽ കുറവാണ്. എന്നാൽ പീഡനത്തിന് ഇരയായ യുവതി പരാതി നൽകാൻ വൈകിയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും കോടതി പറഞ്ഞു

ഡിസംബർ 10നാണ് കേസിന്റെ വിചാരണ പൂർത്തിയായത്. ഉത്തർപ്രദേശിലായിരുന്നു കേസ് ആദ്യം നടന്നിരുന്നത്. എന്നാൽ ഇരയായ പെൺകുട്ടി കഴിഞ്ഞ ജൂണിൽ ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റതിന് പിന്നാലെ കേസ് ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു.

ഈ അപകടത്തിന് മുമ്പും ശേഷവും കുൽദീപിന്റെ ഗുണ്ടകൾ പെൺകുട്ടിയെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. അപകടത്തിൽ പെൺകുട്ടിയുടെ അടുത്ത ബന്ധുക്കളായ രണ്ട് സ്ത്രീകൾ കൊലപ്പെടുകയും ചെയ്തിരുന്നു. 2017ലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുൽദീപ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നത്.

 

Share this story