ഡൽഹിയിൽ വീണ്ടും പ്രക്ഷോഭം; ബസുകളും പോലീസ് ബൂത്തും അഗ്നിക്കിരയാക്കി; മെട്രോ സ്‌റ്റേഷനുകൾ അടച്ചിട്ടു

ഡൽഹിയിൽ വീണ്ടും പ്രക്ഷോഭം; ബസുകളും പോലീസ് ബൂത്തും അഗ്നിക്കിരയാക്കി; മെട്രോ സ്‌റ്റേഷനുകൾ അടച്ചിട്ടു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ വീണ്ടും പ്രതിഷേധം ശക്തം. കിഴക്കൻ ഡൽഹിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി. സീലംപൂരിൽ പ്രതിഷേധക്കാർ ബസിന് തീയിട്ടു. നഗരത്തിലെ പോലീസ് ബൂത്തും അഗ്നിക്കിരയാക്കിയിട്ടുണ്ട്

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രക്ഷോഭകരെ പിരിച്ചുവിടാൻ ലാത്തിച്ചാർജ് നടത്തി. സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രതിഷേധക്കാർ ജഫറാബാദിലെത്തിയത്. അര മണിക്കൂർ നേരം സമാധാനപരമായി പ്രകടനം നടത്തിയ ശേഷം ഇവർ അക്രമാസക്താരാകുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇത് എത്രമാത്രം വിശ്വസിനീയമാണെന്ന് വ്യക്തമല്ല.

പ്രതിഷേധത്തെ തുടർന്ന് സീലംപൂരിൽ നിന്ന് ജഫറാബാദിലേക്കുള്ള ഗതാഗതം പോലീസ് നിരോധിച്ചു. സുരക്ഷ കണക്കിലെടുത്ത് അഞ്ച് മെട്രോ സ്‌റ്റേഷനുകൾ അടച്ചിട്ടു. ഞായറാഴ്ച ജാമിയ മില്ലിയ യൂനിവേഴ്‌സിറ്റിയിലെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധവും സംഘർഷത്തിൽ കലാശിച്ചിരുന്നു.

 

Share this story