രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ: രാജ്യവ്യാപകമായി കൂട്ട അറസ്റ്റ്; യെച്ചൂരിയും ഡി രാജയും രാമചന്ദ്ര ഗുഹയും അടക്കമുള്ളവർ അറസ്റ്റിൽ

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ: രാജ്യവ്യാപകമായി കൂട്ട അറസ്റ്റ്; യെച്ചൂരിയും ഡി രാജയും രാമചന്ദ്ര ഗുഹയും അടക്കമുള്ളവർ അറസ്റ്റിൽ

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യത്ത് അതിശക്തമാകുന്നതിനിടെ കടുത്ത നടപടികളിലേക്ക് നീങ്ങി സർക്കാർ. രാജ്യവ്യാപകമായി കൂട്ട അറസ്റ്റാണ് ഇന്ന് നടന്നത്. അടിയന്തരാവസ്ഥക്ക് സമാനമായ സ്ഥിതിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ സമരത്തിന് എത്തിയ ഇടതുനേതാക്കളെ പോലീസ് അറസ്റ്റ്‌ചെയ്തു. മണ്ഡിഹൗസിൽ നിന്നും ജന്ദർ മന്തിറിലേക്ക് റാലി നടത്താനെത്തിയ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തൊട്ടുമുമ്പ് യോഗേന്ദ്ര യാദവിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു

നൂറുകണക്കിന് വിദ്യാർഥികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ചെത്തിയ വിദ്യാർഥികളെയാണ് കസ്റ്റഡിയിലെടുത്തത്. ഇടതു നേതാക്കൾ കസ്റ്റഡിയിലായ വാർത്തയറിഞ്ഞ് നൂറുകണക്കിനാളുകളാണ് പ്രതിഷേധ സ്ഥലത്തേക്ക് എത്തുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് വഴികൾ പോലീസ് അടച്ചു. പതിനാല് മെട്രോ സ്‌റ്റേഷനുകളും അടച്ചിട്ടിട്ടുണ്ട്

നേരത്തെ പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരു ടൗൺ ഹാളിന് മുന്നിൽ പ്രതിഷേധിക്കാൻ എത്തിയപ്പോഴാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

പ്രതിഷേധ റാലിക്ക് പുറപ്പെട്ട ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ നൂറോളം വിദ്യാർഥികളെ തെലങ്കാന പോലീസ് കസ്റ്റഡിയിലെടുത്തു. മലയാളി വിദ്യാർഥികൾ അടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ മൊയ്നാബാദ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവർ സഞ്ചരിച്ചിരുന്ന ബസ് പോലീസ് പിടിച്ചെടുക്കുകയായിരുന്നു

 

Share this story