ഡൽഹിയിൽ പോലീസിനെ മുൾമുനയിൽ നിർത്തിയ ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ; പ്രക്ഷോഭം ശക്തമാകുന്നു

ഡൽഹിയിൽ പോലീസിനെ മുൾമുനയിൽ നിർത്തിയ ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ; പ്രക്ഷോഭം ശക്തമാകുന്നു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജുമാ മസ്ജിദ് പരിസരത്ത് പോലീസിനെ ആശങ്കയുടെ മുൾമുനയിൽ നിർത്തി പ്രക്ഷോഭം നയിച്ച ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ. ആസാദിനെ വിട്ടുതരില്ലെന്ന് പ്രഖ്യാപിച്ച് പ്രതിഷേധക്കാർ അണിനിരന്നെങ്കിലും കസ്റ്റഡിയിൽ എടുത്തവരെ വിട്ടയക്കാമെന്ന ഉറപ്പിലാണ് ആസാദ് പോകാൻ തയ്യാറായത്.

പുലർച്ചെ മൂന്നരയോടെയാണ് ആസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ കസ്റ്റഡിയിലെടുത്ത നാൽപ്പതോളം പേരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ആസാദിന്റെ നേതൃത്വത്തിൽ ജുമാ മസ്ജിദ് പരിസരത്ത് പ്രതിഷേധം നടന്നത്. ഈ നാൽപത് പേരിൽ എട്ട് പേർ കുട്ടികളായിരുന്നു. മാതാപിതാക്കളെത്തിയാൽ മാത്രമേ ഇവരെ വിട്ടയക്കു എന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്.

അതേസമയം പ്രായപൂർത്തിയാകാത്തവരെ കസ്റ്റഡിയിലെടുത്തതിനെ കോടതി ചോദ്യം ചെയ്തിട്ടുണ്ട്. കുട്ടികളെ വിട്ടയക്കാനും കസ്റ്റഡിയിലെടുത്ത മറ്റുള്ളവർക്ക് അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താൻ അവസരം നൽകാനും ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് നിർദേശം നൽകി.

നിരോധനാജ്ഞ അറബിക്കടലിൽ തള്ളുന്ന പ്രതിഷേധമാണ് ജുമ മസ്ജിദ് പരിസരത്ത് വെള്ളിയാഴ്ച കണ്ടത്. ഡൽഹി ഇമാം സർക്കാർ അനുകൂല പ്രസ്താവനയുമായി വന്നതോടെ ചന്ദ്രശേഖർ ആസാദ് നേരിട്ടെത്തി പ്രക്ഷോഭത്തിന് നേതൃത്വം നൽകുകയായിരുന്നു.

 

Share this story