പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയിൽ പ്രതിപക്ഷ പാർട്ടികളുടെ മഹാറാലി ഇന്ന്; ലീഗ് എംഎൽഎമാർ മംഗലാപുരത്തേക്ക്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയിൽ പ്രതിപക്ഷ പാർട്ടികളുടെ മഹാറാലി ഇന്ന്; ലീഗ് എംഎൽഎമാർ മംഗലാപുരത്തേക്ക്

പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിൽ ഇന്ന് പ്രതിപക്ഷ പാർട്ടികളുടെ മഹാറാലി നടക്കും. ഡി എം കെയും കോൺഗ്രസും ഇടതുപാർട്ടികളുമാണ് റാലി നടത്തുന്നത്. റാലിക്ക് കമൽ ഹാസന്റെ മക്കൾ നീതി മയ്യവും പിന്തുണ അറിയിച്ചിട്ടുണ്ട്

റാലി തടയണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ മക്കൾ കക്ഷി ഇന്നലെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാത്രി വൈകി ഹർജി പരിഗണിച്ചെങ്കിലും കോടതി ആവശ്യം തള്ളുകയായിരുന്നു. പ്രതിഷേധ റാലി വീഡിയോയിൽ ചിത്രീകരിക്കാൻ കോടതി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്

സംസ്ഥാത്തിന്റെ ക്രമസമാധാന നില തകരുമെന്നും അനുമതിയില്ലാതെയാണ് റാലി നടത്തുന്നതെന്നും അക്രമസംഭവങ്ങൾക്ക് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മക്കൾ നീതി കക്ഷി കോടതിയെ സമീപിച്ചത്. പ്രക്ഷോഭത്തിന്റെ ഭാഗമായി പോണ്ടിച്ചേരി സർവകലാശാലയിൽ ഇന്ന് രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങ് വിദ്യാർഥികൾ ബഹിഷ്‌കരിക്കും

കേരളത്തിൽ നിന്നുള്ള മുസ്ലീം ലീഗ് എംഎൽഎമാർ ഇന്ന് മംഗലാപുരം സന്ദർശിക്കും. എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, എം സി ഖമറുദ്ദീൻ, പി കെ ബഷീർ, എൻ ഷംസുദ്ദീൻ എന്നിവരാണ് സംഘത്തിലുള്ളത്. പോലീസ് വെടിവെപ്പുണ്ടായ സ്ഥലവും വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും ഇവർ നേരിട്ട് കാണാൻ ശ്രമിക്കും. അതേസമയം ലീഗ് എംഎൽഎമാർക്ക് പോലീസ് നഗരത്തിൽ പ്രവേശനാനുമതി നൽകാൻ സാധ്യതയില്ല.

 

Share this story