രാജ്ഘട്ടിൽ ഭരണഘടനയുടെ ആമുഖം വായിച്ച് കോൺഗ്രസിന്റെ സത്യാഗ്രഹ സമരം

രാജ്ഘട്ടിൽ ഭരണഘടനയുടെ ആമുഖം വായിച്ച് കോൺഗ്രസിന്റെ സത്യാഗ്രഹ സമരം

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി രാജ്ഘട്ടിൽ കോൺഗ്രസിന്റെ സത്യഗ്രഹ സമരം സംഘടിപ്പിച്ചു. നിയമത്തിനെതിരെ കോൺഗ്രസ് ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന ആദ്യ സമരപരിപാടിയാണിത്. ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സമരം ഉദ്ഘാടനം ചെയ്തു.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി എന്നിവരും ഭരണഘടനയുടെ ആമുഖം വായിച്ചു. എ കെ ആന്റണി, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, അഹമ്മദ് പട്ടേൽ, കെ സി വേണുഗോപാൽ, ഗുലാം നബി ആസാദ് തുടങ്ങിയ നേതാക്കളും സത്യഗ്രഹത്തിൽ പങ്കെടുക്കുന്നുണ്ട്. രാത്രി എട്ട് മണി വരെയാണ് സത്യഗ്രഹ സമരം നടന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ അലയടിക്കുമ്പോഴും മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് നേതൃത്വമേറ്റെടുക്കാൻ എത്താത്തത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. രാജ്യം പ്രതിഷേധാഗ്നിയിൽ ഉരുകുമ്പോഴും രാഹുൽ ഗാന്ധി വിദേശ സന്ദർശനത്തിന് പോയതും അണികളിൽ തന്നെ അമർഷമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് സമരപരിപാടികളിലേക്ക് നേരിട്ടിറങ്ങുന്നത്.

രാജ്ഘട്ടിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാനായി യുവാക്കളെ രാഹുൽ ഗാന്ധി നേരത്തെ ക്ഷണിച്ചിരുന്നു. ഇന്ത്യയെ വീണ്ടെടുക്കാൻ നമുക്ക് ഒരുമിക്കാമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. അക്രമത്തിന്റെ പാതയിൽ സമരം നയിക്കാനില്ലെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Share this story