ദേശീയ ജനസംഖ്യ പട്ടിക പുതുക്കാനും സെൻസസിനുമായി 13,000 കോടി അനുവദിച്ച് കേന്ദ്രസർക്കാർ തീരുമാനം

ദേശീയ ജനസംഖ്യ പട്ടിക പുതുക്കാനും സെൻസസിനുമായി 13,000 കോടി അനുവദിച്ച് കേന്ദ്രസർക്കാർ തീരുമാനം

ദേശീയ ജനസംഖ്യ പട്ടിക(എൻ പി ആർ) പുതുക്കുന്നതിനും സെൻസസിനുമായി 13,000 കോടി രൂപ നീക്കിവെക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. രാജ്യത്തെ ഓരോ സാധാരണ താമസക്കാരന്റെയും സമഗ്രമായ വിവരങ്ങൾ സൃഷ്ടിക്കുകയാണ് എൻ പി ആറിന്റെ ലക്ഷ്യമെന്ന് സെൻസസ് കമ്മീഷൻ അറിയിച്ചു.

2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ അസം ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എൻ പി ആറിനായുള്ള പരിശീലനം നടക്കും. സെൻസസിനായി 8754 കോടി രൂപയും എൻ പി ആറിന് 3941 കോടി രൂപയുമാണ് അനുവദിച്ചത്. എൻ പി ആറിനായി രേഖകൾ ഒന്നും സമർപ്പിക്കേണ്ട കാര്യമില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ അറിയിച്ചു.

ഒരു പ്രദേശത്ത് ആറ് മാസമോ അതിൽ കൂടുതലോ താമസിച്ച വ്യക്തിയെയാണ് സാധാരണ താമസക്കാരൻ എന്നതു കൊണ്ട് നിർവചിക്കുന്നത്. ഇന്ത്യയിലെ ഓരോ സാധാരണ താമസക്കാരും എൻ പി ആറിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. ആളുകൾക്ക് അവരുടെ വിശദാംശങ്ങൾ അപ്ലോഡ് ചെയ്യാൻ ഒരു മൊബൈൽ ആപ്ലിക്കേഷനുണ്ടാകും.

Share this story