രാജ്യത്ത് നടക്കുന്നത് തെറ്റായ പ്രതിഷേധങ്ങൾ; ഇത്തരക്കാരെ നയിക്കുന്നവർ യഥാർഥ നേതാക്കളല്ല: കരസേനാ മേധാവി

രാജ്യത്ത് നടക്കുന്നത് തെറ്റായ പ്രതിഷേധങ്ങൾ; ഇത്തരക്കാരെ നയിക്കുന്നവർ യഥാർഥ നേതാക്കളല്ല: കരസേനാ മേധാവി

പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് കരസേനാ മേധാവി ബിപിൻ റാവത്ത്. രാജ്യത്ത് നടക്കുന്നത് തെറ്റായ സമരമാണ്. അത്തരത്തിൽ ജനങ്ങളെ നയിക്കുന്നവർ യഥാർഥ നേതാക്കളല്ലെന്നും കരസേനാ മേധാവി പറഞ്ഞു

പല സർവകലാശാലകളിലും കോളജുകളിലും വിദ്യാർഥികൾ ആൾക്കൂട്ടങ്ങളെ നയിച്ചു കൊണ്ട് അക്രമം നടത്തുന്നതാണ് നമ്മൾ കാണുന്നത്. ഇതിനെ നേതൃത്വമെന്ന് കരുതാനാകില്ലെന്നും കരസേനാ മേധാവി പറഞ്ഞു. വിഷയത്തിൽ ഇതാദ്യമായാണ് അദ്ദേഹം പ്രതികരിക്കുന്നത്.

പൊതുവെ രാജ്യത്ത് നടക്കുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളിൽ സൈനിക മേധാവിമാർ അഭിപ്രായം പറയാറില്ല. ഡിസംബർ 31ന് ബിപിൻ റാവത്ത് വിരമിക്കാനിരിക്കുകയാണ്. പുതിയതായി രൂപം കൊടുക്കുന്ന ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവിയിലേക്ക് ബിപിൻ റാവത്ത് വരുമെന്ന് റിപ്പോർട്ടുകളുണ്ട്.

അതേസമയം ബിപിൻ റാവത്തിന്റെ പരാമർശത്തെ വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്. അക്രമത്തിന്റെ പേരിൽ വംശഹത്യയിൽ ഏർപ്പെടാൻ അനുയായികളെ അനുവദിക്കുന്നവരുമല്ല നേതാക്കളെന്ന് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് പ്രതികരിച്ചു. ഗുജറാത്തിൽ 2002ൽ നടന്ന വംശഹത്യയെ ഓർമിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേതൃത്വം എന്നത് ഒരാളുടെ ഓഫീസിന്റെ പരിമിതികൾ മനസ്സിലാക്കുക എന്നതാണെന്ന് അസദുദ്ദീൻ ഒവൈസിയും പ്രതികരിച്ചിട്ടുണ്ട്

 

Share this story