മംഗളൂരുവിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്ന് മമത ബാനർജി

മംഗളൂരുവിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്ന് മമത ബാനർജി

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മംഗളൂരുവിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കൊൽക്കത്തയിൽ നടന്ന പൗരത്വ പ്രതിഷേധ റാലിയിലാണ് മമത ബാനർജി ഇക്കാര്യം പറഞ്ഞത്.

ഡിസംബർ 19ന് മംഗളൂരുവിൽ നടന്ന പ്രതിഷേധത്തിനിടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. രണ്ട് പേരുടെയും കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് നൽകും. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം നൽകുമെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെ യെദ്യൂരപ്പ ഇതിൽ നിന്ന് പിൻമാറുകയും ചെയ്തു.

അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ നഷ്ടപരിഹാരം നൽകുവെന്നാണ് യെദ്യൂരപ്പ നിലപാട് മാറ്റിയത്. ഇതിന് പിന്നാലെയാണ് മമത ബാനർജി ധനസഹായം പ്രഖ്യാപിച്ചത്. ബംഗാളിൽ പൗരത്വ ഭേദഗതിക്കെതിരെ അതിരൂക്ഷ പ്രക്ഷോഭമാണ് നടക്കുന്നത്. മമത ബാനർജി നേരിട്ടിറങ്ങിയാണ് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നത്

 

Share this story