കാൺപൂരിലെ അക്രമ സംഭവങ്ങളിൽ കേരളത്തിൽ നിന്നുള്ളവർക്കും പങ്കുണ്ടെന്ന് യു പി പോലീസ്

കാൺപൂരിലെ അക്രമ സംഭവങ്ങളിൽ കേരളത്തിൽ നിന്നുള്ളവർക്കും പങ്കുണ്ടെന്ന് യു പി പോലീസ്

ഉത്തർപ്രദേശിലെ കാൺപൂരിൽ പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധ സമരങ്ങൾക്കിടെ നടന്ന അക്രമസംഭവങ്ങളിൽ കേരളത്തിൽ നിന്നുള്ളവർക്കും പങ്കുണ്ടെന്ന് ഉത്തർപ്രദേശ് പോലീസ്. കാൺപൂരിൽ നടന്ന അക്രമസംഭവങ്ങളിലും കലാപങ്ങളിലും കേരളത്തിൽ നിന്നുള്ളവരുമുണ്ടെന്നാണ് യുപി രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് നൽകിയത്.

ഇവരെ കണ്ടെത്താൻ കേരളത്തിലടക്കം പോസ്റ്റർ പതിക്കുമെന്ന് ഉത്തർപ്രദേശ് പോലീസ് പറയുന്നു. യുപിയിലെ അക്രമ സംഭവങ്ങളിൽ തീവ്രമത സംഘടനയായ പോപുലർ ഫ്രണ്ടിന് പങ്കുണ്ടെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ യുപിയിലെ പോപുലർ ഫ്രണ്ട് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെയാണ് കേരളത്തിൽ നിന്നുമുള്ളവരുടെ പങ്ക് യുപി പോലീസ് ആരോപിക്കുന്നത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇവരുടെ പോസ്റ്ററുകൾ തയ്യാറാക്കുമെന്നാണ് പോലീസ് പറയുന്നത്. ഈ പോസ്റ്ററുകൾ യുപിയിലും ഡൽഹിയിലും കേരളത്തിലും പതിക്കും. ഡൽഹിയിൽ നിന്നുള്ളവർക്കും അക്രമങ്ങളിൽ പങ്കുണ്ടെന്ന് യു പി പോലീസ് ആരോപിക്കുന്നു. യുപിയിൽ സംഘർഷത്തിനിടെ 21 പേർ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധക്കാരുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്കും പോലീസ് കടക്കുകയാണ്.

 

Share this story