ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി ബിപിൻ റാവത്തിനെ നിയമിച്ചു

ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി ബിപിൻ റാവത്തിനെ നിയമിച്ചു

രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവി(ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്)യായി കരസേനാ തലവൻ ബിപിൻ റാവത്തിനെ നിയമിച്ചു. കരസേനാ മേധാവി പദവിയിൽ നിന്നും ബിപിൻ റാവത്ത് നാളെ വിരമിക്കാനിരിക്കുകയാണ്. സി ഡി എസ് ആയി ബിപിൻ റാവത്ത് തന്നെയാകും നിയമിതനാകുകയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. 65 വയസ്സാണ് സി ഡി എസിന്റെ പ്രായപരിധി. ഇതനുസരിച്ച് 1954ലെ നിയമങ്ങൾ കേന്ദ്രം ഭേദഗതി വരുത്തിയിട്ടുണ്ട്. പ്രതിരോധ മന്ത്രിയുടെ മുഖ്യ സൈനിക ഉപദേഷ്ടാവ് എന്ന പദവിയും റാവത്തിന് ലഭിക്കും. കാബിനറ്റ് റാങ്കോടു കൂടിയതാണ് സി ഡി എസ് പദവി

രാഷ്ട്രപതിക്ക് കീഴിൽ മൂന്ന് സേനകളുടെയും ഏകോപന ചുമതല ഇനി മുതൽ സംയുക്ത സൈനിക മേധാവിക്കായിരിക്കും. സേനാ മേധാവികളുടെ തുല്യശമ്പളം തന്നെ സിഡിഎസിനും ലബിക്കും.

പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെ തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് ബിപിൻ റാവത്തിന് പുതിയ ചുമതല കൈവരുന്നത്. രാജ്യത്ത് നടക്കുന്നത് വഴി തെറ്റിയ സമരമാണെന്നും ഇത്തരക്കാരെ നേതാക്കൾ എന്ന് വിളിക്കാനാകില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം

 

Share this story