പ്രമേയം പാസാക്കിയ നടപടി: സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി കേന്ദ്രം

പ്രമേയം പാസാക്കിയ നടപടി: സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി കേന്ദ്രം

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രം. പാർലമെന്റ് പാസാക്കിയ നിയമം നടപ്പാക്കാതിരിക്കാൻ ഒരു സംസ്ഥാനത്തിനുമാകില്ലെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി.

പ്രമേയം പാസാക്കിയതിൽ കേന്ദ്രത്തിന് കടുത്ത അതൃപ്തിയുണ്ട്. കേരളത്തിന്റെ നടപടി ഞെട്ടിച്ചു. ഭരണഘടനയെ വെല്ലുവിളിക്കരുതെന്നും രവിശങ്കർ പ്രസാദ് മുന്നറിയിപ്പ് നൽകി. കേരളത്തിന് പുറമെ പഞ്ചാബ്, ബംഗാൾ, തുടങ്ങിയ സംസ്ഥാനങ്ങളും പ്രമേയം പാസാക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് കേന്ദ്രം മുന്നറിയിപ്പ് നൽകി രംഗത്തുവന്നത്.

അതേസമയം പ്രമേയത്തിനെതിരായ അവകാശ ലംഘന നോട്ടീസിൽ കേന്ദ്രത്തിന് ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് നിയമസഭയിൽ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയത്.

സംസ്ഥാനങ്ങളിൽ നിന്ന് എതിർപ്പ് ശക്തമാകുന്ന സാഹചര്യത്തിൽ പൗരത്വ വിവരണ ശേഖരണം ഓൺലൈൻ വഴിയാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. സംസ്ഥാനങ്ങളുടെ പങ്കാളിത്തമൊഴിവാക്കാനാണ് ഇതുവഴി ആലോചിക്കുന്നത്.

Share this story