അസമിലെ തടങ്കൽ പാളയത്തിൽ മധ്യവയസ്‌കൻ മരിച്ചു; കഴിഞ്ഞ മൂന്ന് വർഷത്തിനിടെ തടങ്കൽ പാളയത്തിൽ മരിച്ചത് 29 പേർ

+അസമിലെ ഗോൽപ്പാറ തടങ്കൽ പാളയത്തിൽ പാർപ്പിച്ചിരുന്ന 55കാരൻ മരിച്ചു. ഗുവാഹത്തി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന നരേഷ് കോച്ചാണ് മരിച്ചത്. ഡിസംബർ 22നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മൂന്ന് വർഷത്തിനിടെ അസമിലെ തടങ്കൽ പാളയത്തിൽ വെച്ച് മരണപ്പെടുന്ന 29ാമത്തെ വ്യക്തിയാണ് നരേഷ് കോച്ച്. ബംഗ്ലാദേശിൽ നിന്നും 1964ലാണ് നരേഷ് കോച്ച് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ 35 വർഷമായി അസമിലെ ടിനികന്യയിലാണ് ഇയാൾ താമസിക്കുന്നത്.

2018 വരെ തെരഞ്ഞെടുപ്പുകളിൽ വോട്ടവകാശവും നരേഷിനുണ്ടായിരുന്നു. നിരന്തരമായി കേസിന്റെ വാദത്തിന് കോടതിയിൽ എത്താത്തതിനെ തുടർന്നാണ് വിദേശ ട്രൈബ്യൂണൽ നരേഷിനെ വിദേശിയായി പ്രഖ്യാപിച്ച് തടങ്കൽ പാളയത്തിലേക്ക് അയച്ചത്.

2019 നവംബർ വരെ 988 പേരെ അസമിലെ ആറ് തടങ്കൽ പാളയങ്ങളിലായി താമസിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Share this story