ക്യാമ്പസിൽ അപരിചിതരെ കണ്ടപ്പോൾ തന്നെ പോലീസിനെ വിവരം അറിയിച്ചതാണ്; പക്ഷേ ഇടപെട്ടില്ലെന്നും ഐഷെ ഘോഷ്

ക്യാമ്പസിൽ അപരിചിതരെ കണ്ടപ്പോൾ തന്നെ പോലീസിനെ വിവരം അറിയിച്ചതാണ്; പക്ഷേ ഇടപെട്ടില്ലെന്നും ഐഷെ ഘോഷ്

ഡൽഹി പോലീസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ജെ എൻ യു ക്യാമ്പസിലെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യൂനിയൻ പ്രസിഡന്റ് ഐഷെ ഘോഷ്. അക്രമം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ക്യാമ്പസിനകത്ത് അപരിചിതരായ ആളുകൾ കൂടി നിൽക്കുന്നതായി പോലീസിനെ വിവരം അറിയിച്ചതാണ്. എന്നാൽ പോലീസ് നടപടിയെടുത്തില്ലെന്നും ഐഷെ ഘോഷ് പറഞ്ഞു.

ഏകേദശം രണ്ടരയോടെ ഞങ്ങൾ പോലീസിനോട് പറഞ്ഞതാണ് ഞങ്ങൾ തീരെ സുരക്ഷിതരല്ലെന്ന്. ക്യാമ്പസിനകത്ത് അപരിചിതരായ ആളുകൾ കൂടി നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ യാതൊരു ഇടപെടലും പോലീസ് നടത്തിയില്ല.

ഫീസ് വർധനവിനെതിരെ ഞങ്ങൾ സമാധാനപരമായി സമരം നടത്തുകയായിരുന്നു. പെട്ടെന്നാണ് ഞങ്ങളെ ലക്ഷ്യം വെച്ച് മുഖംമൂടി ധരിച്ച ആളുകൾ അക്രമം നടത്തിയത്. സബർമതി ഹോസ്റ്റലിന് സമീപത്തുവെച്ചാണ് തനിക്ക് നേരെ ആക്രമണം നടന്നതെന്നും ഐഷേ പറഞ്ഞു.

ഇരുമ്പ് ദണ്ഡ് കൊണ്ടാണ് തലക്ക് അടിയേറ്റത്. ഒരുപാട് രക്തം വാർന്നുപോയി. അടുത്തുണ്ടായിരുന്ന വിദ്യാർഥികളാണ് ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചതെന്നും ഐഷേ പറഞ്ഞു.

 

Share this story