രാഷ്ട്രപതി ഭവനിലേക്ക് ജെ എൻ യു വിദ്യാർഥികളുടെ മാർച്ച്; പോലീസ് തടഞ്ഞു, വീണ്ടും സംഘർഷം

രാഷ്ട്രപതി ഭവനിലേക്ക് ജെ എൻ യു വിദ്യാർഥികളുടെ മാർച്ച്; പോലീസ് തടഞ്ഞു, വീണ്ടും സംഘർഷം

ജെ എൻ യു വിദ്യാർഥികൾ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് ഡൽഹിയിൽ വീണ്ടും സംഘർഷം. വിദ്യാർഥികളും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വിദ്യാർഥികൾക്ക് നേരെ പോലീസ് ലാത്തി വീശി. പോലീസ് അതിക്രമത്തിൽ പലർക്കും പരുക്കേറ്റു. വിദ്യാർഥികളിൽ ചിലരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

പോലീസിനെ മറികടക്കാൻ വിദ്യാർഥികൾ ശ്രമിച്ചതോടെയാണ് ഉന്തുംതള്ളുമുണ്ടായത്. ജൻപഥ് റോഡിലും പോലീസ് വിദ്യാർഥികളെ തടഞ്ഞു. പിന്നാലെ ഇവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ കൂടുതൽ പോലീസ് സ്ഥലത്തെത്തി. തുടർന്ന് വിദ്യാർഥികൾ റോഡിന്റെ മറുവശത്ത് കൂടി രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് ചെയ്തു. പിന്നാലെ പോലീസ് ലാത്തി വീശുകയായിരുന്നു

ജെ എൻ യുവിലെ വിദ്യാർഥികളും അധ്യാപക യൂനിയൻ പ്രതിനിധികളും നേരത്തെ മാനവ വിഭവശേഷി മന്ത്രാലയ സെക്രട്ടറിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. വി സി ജഗദീഷ്‌കുമാറിനെ മാറ്റണമെന്ന വിദ്യാർഥികളുടെ ആവശ്യം നാളെ പരിഗണിക്കാമെന്ന് പറഞ്ഞതോടെയാണ് ചർച്ച പരാജയപ്പെട്ടത്. വി സി രാജിവെക്കാതെ സമരത്തിൽ നിന്നും പിൻമാറില്ലെന്ന് യൂനിയൻ പ്രസിഡന്റ് ഐഷി ഘോഷ് നിലപാടെടുത്തു

ജഗദീഷ്‌കുമാർ രാജിവെക്കുന്നതുവരെ സമരവുമായി മുന്നോട്ടു പോകും. തങ്ങളുടെ മാർച്ച് രാഷ്ട്രപതി ഭവനിലേക്ക് നീട്ടുകയാണെന്നും ഐഷി പ്രഖ്യാപിച്ചതോടെയാണ് വിദ്യാർഥികൾ രാഷ്ട്രപതി ഭവനിലേക്ക് നീങ്ങിയത്

 

Share this story