സിഎഎ നടപ്പാക്കിയതിൽ മോദിക്ക് അഭിനന്ദന കത്ത് വിദ്യാർഥികളെ കൊണ്ട് തയ്യാറാക്കി; രക്ഷിതാക്കൾ ഇടപെട്ടതോടെ കത്ത് പിൻവലിച്ച് സ്‌കൂൾ അധികൃതർ തടിയൂരി

സിഎഎ നടപ്പാക്കിയതിൽ മോദിക്ക് അഭിനന്ദന കത്ത് വിദ്യാർഥികളെ കൊണ്ട് തയ്യാറാക്കി; രക്ഷിതാക്കൾ ഇടപെട്ടതോടെ കത്ത് പിൻവലിച്ച് സ്‌കൂൾ അധികൃതർ തടിയൂരി

പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിൽ പ്രധാനമന്ത്രിക്ക് അഭിനന്ദനം അറിയിച്ച് വിദ്യാർഥികളെ കൊണ്ട് കത്തെഴുതിച്ച സ്‌കൂൾ അധികൃതരുടെ നടപടി വിവാദത്തിൽ. രക്ഷിതാക്കൾ ഇതിനെതിരെ പ്രതിഷേധിച്ചതോടെ കുട്ടികളെ കൊണ്ട് എഴുതി വാങ്ങിയ സ്‌പോൺസേർഡ് അഭിനന്ദന പോസ്റ്റ് കാർഡുകൾ തിരികെ നൽകി സ്‌കൂൾ അധികൃതർ തടിയൂരി.

ഗുജറാത്ത് അഹമ്മദാബാദിലെ കങ്കരിയ ലിറ്റിൽ സ്റ്റാർ സ്‌കൂളിലാണ് സംഭവം. സിഎഎ നടപ്പാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നു. ഞാനും എന്റെ കുടുംബവും പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നു എന്ന സന്ദേശം പോസ്റ്റ് കാർഡുകളിൽ എഴുതി പ്രധാനമന്ത്രിയുടെ ഓഫീസ് അഡ്രസ് എഴുതി നൽകാനായിരുന്നു നിർദേശം.

എന്നാൽ ഇതിനെതിരെ രക്ഷിതാക്കൾ രംഗത്തുവരികയായിരുന്നു. ഈ പ്രവൃത്തിയോട് യോജിക്കാനാകില്ലെന്നും എന്താണ് സി എ എ എന്നുപോലും അറിയാത്ത കുട്ടികളെ കൊണ്ട് നിർബന്ധിപ്പിച്ച് ഇത്തരമൊരു കത്ത് എഴുതിക്കുന്നത് വില കുറഞ്ഞ നടപടിയാണെന്നും രക്ഷിതാക്കൾ പരാതിപ്പെട്ടു. വിദ്യാർഥികളിൽ നിന്നും പോസ്റ്റ് കാർഡുകൾ തിരികെ വാങ്ങി രക്ഷിതാക്കൾ തന്നെ കീറിയെറിഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെയാണ് അപകടം മണത്ത സംഘ്പരിവാർ പ്രേമികളായ സ്‌കൂൾ അധികൃതർ കത്തൊക്കെ തിരിച്ചുവാങ്ങി തടിയൂരിയത്.

Share this story