ഫീസ് വർധന പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനം; ജെ എൻ യുവിൽ തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കുമെന്ന് വി സി

ഫീസ് വർധന പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനം; ജെ എൻ യുവിൽ തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കുമെന്ന് വി സി

ജെ എൻ യുവിൽ വർധിപ്പിച്ച ഹോസ്റ്റൽ ഫീസ് അടക്കമുള്ള തീരുമാനങ്ങൾ പിൻവലിക്കാമെന്ന് കേന്ദ്രസർക്കാർ വിദ്യാർഥികൾക്ക് ഉറപ്പ് നൽകി. ക്ലാസുകൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് വൈസ് ചാൻസലർ ജഗദീഷ് കുമാറും വ്യക്തമാക്കി.

എംഎച്ച്ആർഡി സെക്രട്ടറിയുമായി യൂനിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ള നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ഫീസ് വർധന പിൻവലിക്കാനുള്ള തീരുമാനമായത്. എന്നാൽ വി സിയെ മാറ്റണമെന്ന വിദ്യാർഥികളുടെ ആവശ്യത്തിന് തീരുമാനമായില്ല

വൈസ് ചാൻസലറെ മാറ്റണമെന്ന ആവശ്യത്തിൽ വിദ്യാർഥികളെ അനുനയിപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് ഫീസ് വർധന പിൻവലിക്കുന്നത്. സെമസ്റ്റർ രജിസ്‌ട്രേഷൻ തീയതി നീട്ടുന്ന കാര്യം പരിഗണിക്കാനും തീരുമാനമായി. വിദ്യാർഥികളുമായി കൂടുതൽ ചർച്ച നടത്താൻ മാനവ വിഭവശേഷി മന്ത്രാലയം സെക്രട്ടറി അമിത് ഖേര വിസിയോട് ആവശ്യപ്പെട്ടു

ജെ എൻ യുവിൽ സംഘർഷം നടന്ന ജനുവരി 5ലെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കാലാപത്തിന് വഴിയൊരുക്കിയ വാട്‌സാപ്പ് ഗ്രൂപ്പുകളിലെ തെളിവുകളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അധികൃതരുടെ ഒത്താശയോടെ ഈ തെളിവുകൾ നശിപ്പിക്കാൻ ഇടയുണ്ടെന്നാരോപിച്ചാണ് നടപടി

Share this story