ബംഗളൂരുവിൽ മലയാളികളായ മുസ്ലീം വിദ്യാർഥികളെ മർദിച്ച് പോലീസ്; പാക്കിസ്ഥാനികളല്ലേയെന്നും ചോദ്യം

ബംഗളൂരുവിൽ മലയാളികളായ മുസ്ലീം വിദ്യാർഥികളെ മർദിച്ച് പോലീസ്; പാക്കിസ്ഥാനികളല്ലേയെന്നും ചോദ്യം

ബംഗളൂരുവിൽ രാത്രിയിൽ ചായ കുടിക്കാൻ പുറത്തിറങ്ങിയ മൂന്ന് മലയാളി വിദ്യാർഥികളെ മർദിക്കുകയും അഭ്യസം പറയുകയും ചെയ്ത ബംഗളൂരു പോലീസിന്റെ നടപടി വിവാദമാകുന്നു. വിദ്യാർഥികൾ മുസ്ലീങ്ങളാണെന്ന് മനസ്സിലാക്കിയതോടെയായിരുന്നു മർദനവും തെറിവിളിയും

എന്തിനാണ് പുറത്തിറങ്ങി നടക്കുന്നതെന്നായിരുന്നു പോലീസിന്റെ ചോദ്യം. തിരിച്ചറിയൽ രേഖ പരിശോധിച്ചതോടെയാണ് ഇവർ മുസ്ലീങ്ങളാണെന്ന് മനസ്സിലാക്കിയത്. നിങ്ങൾ പാക്കിസ്ഥാനികളാണോയെന്ന് ചോദിച്ചാണ് തുടർന്ന് ഇവരെ ഉപദ്രവിച്ചത്. വിദ്യാർഥികളിൽ ഒരാൾ സംഭവം മൊബൈലിൽ പകർത്താൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു

ഇവരെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. റോഡിൽ വെച്ച് മർദിച്ച ശേഷം വിദ്യാർഥികളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി അവിടെ വെച്ചും മർദിച്ചതായാണ് പരാതി. വിദ്യാർഥികൾക്ക് കൈക്കും കാലിനും പരുക്കേറ്റിട്ടുണ്ട്. ഇവരുടെ രക്ഷിതാക്കൾ വന്ന ശേഷമാണ് പോലീസ് ഇവരെ വിട്ടയച്ചത്. ഫ്‌ളാറ്റിൽ നിന്ന് ഒഴിപ്പിക്കുമെന്നും ഇന്റേൺഷിപ് തടസ്സപ്പെടുത്തുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥികൾ പറയുന്നു

Share this story