മോദിയുടെ വെറുപ്പിന്റെ അജണ്ടയെ എതിർത്താൽ അർബൻ നക്‌സലുകളായി ചിത്രീകരിക്കുന്നു: രാഹുൽ ഗാന്ധി

മോദിയുടെ വെറുപ്പിന്റെ അജണ്ടയെ എതിർത്താൽ അർബൻ നക്‌സലുകളായി ചിത്രീകരിക്കുന്നു: രാഹുൽ ഗാന്ധി

ഭീമ കൊറേഗാവ് കേസ് എൻ ഐ എക്ക് വിട്ട കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് കോൺഗ്രസ് എം പി രാഹുൽ ഗാന്ധി. മോദിയുടെയും അമിത് ഷായുടെയും വെറുപ്പിന്റെ അജണ്ടയെ എതിർക്കുന്ന ആരെയും അർബൻ നക്‌സലുകളായി ചിത്രീകരിക്കുകയാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.

പ്രതിരോധത്തിന്റെ പ്രതീകമാണ് ഭീമ കൊറേഗാവ്. സർക്കാരിന്റെ ശിങ്കിടിയായ എൻ ഐ എക്ക് അതിനെ ഒരിക്കലും ഇല്ലാതാക്കാനാകില്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ഭീമ കൊറേഗാവ് കേസിൽ ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകരെ മോചിപ്പിക്കാൻ മഹാരാഷ്ട്ര സർക്കാർ ആലോചിക്കുന്നതിനിടെയാണ് അന്വേഷണം എൻ ഐ എക്ക് വിടാൻ കേന്ദ്രം തീരുമാനിച്ചത്. സംസ്ഥാന സർക്കാരിനെ അറിയിക്കാതെയാണ് കേന്ദ്രം തീരുമാനമെടുത്തത്.

2018ൽ നടന്ന ഭീമ കൊറേഗാവ് സംഘർഷത്തിന്റെ അന്വേഷണം വെള്ളിയാഴ്ച എൻ ഐ എ ഏറ്റെടുക്കുകയും ചെയ്തു. അർബൻ നക്‌സലുകളെന്ന് ബിജെപി സർക്കാർ മുദ്രകുത്തി ജയിലിൽ അടച്ചവരെ മോചിപ്പിക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിരുന്നു.

മറാഠാ പേഷ്വാമാരോട് ഏറ്റുമുട്ടി ദലിതർ നേടിയ വിജയത്തിന്റെ 200ാം വാർഷികത്തിലാണ് ഭീമ കൊറേഗാവിൽ 2018ൽ ഹിന്ദുത്വ അനുകൂല മറാഠ സംഘടനകളും ദളിത് വിഭാഗക്കാരും ഏറ്റുമുട്ടിയത്. കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് നിരവധി സാമൂഹ്യപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അർബൻ നക്‌സലുകളെന്നാണ് ഇവരെ ഭരണകൂടം വിശേഷിപ്പിച്ചത്.

Share this story