എയർ ഇന്ത്യ വിറ്റഴിക്കാനുള്ള തീരുമാനം ദേശവിരുദ്ധം; കേന്ദ്രത്തിനെതിരെ കോടതിയിൽ പോകുമെന്ന് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി

എയർ ഇന്ത്യ വിറ്റഴിക്കാനുള്ള തീരുമാനം ദേശവിരുദ്ധം; കേന്ദ്രത്തിനെതിരെ കോടതിയിൽ പോകുമെന്ന് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി

എയർ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരികളും വിൽക്കാനുള്ള നരേന്ദ്രമോദി സർക്കാർ തീരുമാനത്തിനെതിരെ ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി. കേന്ദ്രത്തിന്റെ നടപടിക്കെതിരെ കോടതിയിൽ പോകാൻ താൻ നിർബന്ധിതനായിരിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ നടപടി ദേശവിരുദ്ധമാണെന്നും സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ കുറിച്ചു

എയർ ഇന്ത്യ ഓഹരി വിറ്റഴിക്കൽ പ്രക്രിയ ഇന്ന് പുനരാരംഭിക്കുകയാണ്. ഈ ഇടപാട് ദേശവിരുദ്ധമാണ്. ഞാൻ കോടതിയിലേക്ക് പോകാൻ നിർബന്ധിതനായിരിക്കുന്നു. രാജ്യത്തിന്റെയാകെ സ്വത്തായ എയർ ഇന്ത്യയെ കേന്ദ്രസർക്കാരിന് ഇത്തരത്തിൽ വിറ്റഴിക്കാൻ സാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്

2018ൽ എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. എന്നാൽ ആരും ഏറ്റെടുക്കാൻ താത്പര്യപ്പെടാതിരുന്നതോടെയാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള തീരുമാനത്തിലെത്തിയത്.

ഇത്തവണയും ആരും ഓഹരികൾ വാങ്ങാൻ മുന്നോട്ടു വന്നില്ലെങ്കിൽ എയർ ഇന്ത്യ അടച്ചു പൂട്ടേണ്ടി വരുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഓഹരി വിൽപ്പന സംബന്ധിച്ച് എയർ ഇന്ത്യ താത്പര്യ പത്രം ക്ഷണിച്ചിട്ടുണ്ട്. 2020 മാർച്ച് 17 വരെയാണ് താത്പര്യപത്രം സമർപ്പിക്കേണ്ട അവസാന തീയതി. ഓഹരി വാങ്ങുന്നവർ ഏകദേശം 23,000 കോടി രൂപയുടെ ബാധ്യതകളും ഏറ്റെടുക്കണം.

Share this story