വുഹാനിൽ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള വിമാനം പുറപ്പെട്ടു; രോഗലക്ഷണമുള്ളവരെ കൊണ്ടുവരില്ല

വുഹാനിൽ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള വിമാനം പുറപ്പെട്ടു; രോഗലക്ഷണമുള്ളവരെ കൊണ്ടുവരില്ല

കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്ന് ചൈനീസ് നഗരമായ വുഹാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ കൊണ്ടുവരാനുള്ള ആദ്യ വിമാനം പുറപ്പെട്ടു. വുഹാനിലുള്ള ഇന്ത്യക്കാരിൽ രോഗലക്ഷണമുള്ളവരെ ഇന്ത്യയിലേക്ക് അയക്കില്ല. ഇവരെ ചൈനയിൽ തന്നെ ചികിത്സിപ്പിക്കാനാണ് ചൈനീസ് അധികൃതരുടെ തീരുമാനം

ഇന്ത്യയിലേക്ക് വരാനുള്ളവരെ ചൈനീസ് അധികൃതർ പരിശോധിക്കുകയാണ്. ആരെയൊക്കെ തിരിച്ചയക്കണമെന്നത് പരിശോധനക്ക് ശേഷമാണ് തീരുമാനിക്കുക. തിരികെ എത്തിക്കുന്നവരെ ഇന്ത്യൻ സൈന്യം സജ്ജീകരിച്ച ആശുപത്രിയിലേക്ക് മാറ്റും. ഡൽഹിക്ക് സമീപം മനേസറിലാണ് ആശുപത്രി. 28 ദിവസം നിരീക്ഷണത്തിൽ പാർപ്പിച്ച ശേഷം രോഗമില്ലെന്ന് ഉറപ്പാക്കിയേ ഇവരെ വീടുകളിലേക്ക് അയക്കുകയുള്ളു.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് എയർഇന്ത്യയുടെ ജംബോ വിമാനം ചൈനയിലേക്ക് പുറപ്പെട്ടത്. 423 സീറ്റുകളുള്ള വിമാനമാണ് അയച്ചത്. രാംമനോഹർ ലോഹ്യ ആശുപത്രിയിലുള്ള അഞ്ച് ഡോക്ടർമാരും ഒരു പാരാമെഡിക്കൽ സ്റ്റാഫും വിമാനത്തിലുണ്ട്. മാസ്‌കുകളും ഓവർകോട്ടുകളും പാകം ചെയ്ത് സൂക്ഷിച്ച ഭക്ഷണവുമടക്കം എല്ലാം വിമാനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

കോക്പിറ്റിൽ ക്യാപ്റ്റനടക്കം അഞ്ച് പേരുണ്ട്. 15 ക്യാബിൻ ക്രൂവും വിമാനത്തിലുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക ശേഷം രണ്ട് മണിക്ക് മുമ്പായി വുഹാനിൽ നിന്ന് വിമാനത്തിൽ ആളുകളെ കയറ്റിത്തുടങ്ങും. ക്യാബിൻ ക്രൂവും വുഹാനിൽ നിന്ന് വരുന്നവരും തമ്മിൽ നേരിട്ടുള്ള ആശയവിനിമയമുണ്ടാകില്ല. അതാത് സീറ്റ് പോക്കറ്റുകളിൽ ഭക്ഷണം സൂക്ഷിച്ചിരിക്കുകയാണ്.

Share this story