നിർഭയ കേസ് പ്രതികളുടെ വധശിക്ഷ : തീഹാർ ജയിലിൽ ഒരുക്കങ്ങൾ പൂർണം, ഡമ്മി പരീക്ഷണം നടത്തി

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ : തീഹാർ ജയിലിൽ ഒരുക്കങ്ങൾ പൂർണം, ഡമ്മി പരീക്ഷണം നടത്തി

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ തീഹാർ ജയിലിൽ പൂർത്തിയായി. ജയിലിൽ പ്രതികളുടെ ഡമ്മി വധശിക്ഷ പരീക്ഷണം നടത്തി. വധശിക്ഷ നടപ്പാക്കുന്നതിന് തലേദിവസമാണ് ഡമ്മി പരീക്ഷണം നടത്തുക. ഫെബ്രുവരി 1 ന് രാവിലെ ആറ് മണിക്ക് പ്രതികളെ തൂക്കിലേറ്റാനാണ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

വധശിക്ഷ നടപ്പാക്കരുതെന്ന പ്രതി വിനയ് ശർമയുടെ ഹർജിയിൽ പട്യാല ഹൗസ് കോടതി വിധി ഉടൻ വരും. മരണ വാറണ്ട് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അക്ഷയ് സിംഗ് സമർപ്പിച്ച തിരുത്തൽ ഹർജി ഇന്നലെ സുപ്രീം കോടതി തള്ളിയിരുന്നു. കുറ്റകൃത്യം നടക്കുമ്പോൾ തനിക്ക് പതിനെട്ട് വയസ്സ് തികഞ്ഞിരുന്നില്ലെന്ന മറ്റൊരു പ്രതി പവൻഗുപ്തയുടെ ഹർജിയും സുപ്രീം കോടതി തള്ളി.

ആരാച്ചാർ പവൻ കുമാറിനെ ഇന്നലെ തന്നെ തിഹാർ ജയിലിൽ എത്തിച്ചിരുന്നു. ഇന്ത്യയിൽ ഇതാദ്യമായാണ് നാല് കുറ്റവാളികളെ ഒന്നിച്ച് തൂക്കിലേറ്റുന്നത്. വ്യത്യസ്തമായ രീതിയിലാണ് തൂക്കുമരത്തട്ട് ഒരുക്കുന്നതെന്ന് ജയിൽ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം പ്രതികളിൽ നാലാമനായ വിനയ് ശർമ ഇന്നലെ രാഷ്ട്രപതിക്ക് ദയാഹർജി നൽകിയിരുന്നു. ദയാഹർജിയിൽ തീരുമാനമെടുത്ത് 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാനാകുവെന്നാണ് നിലവിലെ ചട്ടം. ഇതിനാൽ തന്നെ നാളെ വധശിക്ഷ നടപ്പാകുമോയെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല

 

Share this story