ഷർജീൽ ഇമാമിനെ പൊതുമധ്യത്തിൽ വെടിവെച്ചു കൊല്ലണമെന്ന് ബിജെപി നേതാവും മുസാഫർനഗർ കലാപ കേസ് പ്രതിയുമായ സംഗീത് സോം

ഷർജീൽ ഇമാമിനെ പൊതുമധ്യത്തിൽ വെടിവെച്ചു കൊല്ലണമെന്ന് ബിജെപി നേതാവും മുസാഫർനഗർ കലാപ കേസ് പ്രതിയുമായ സംഗീത് സോം

ഇന്ത്യയെ വിഭജിക്കണമെന്ന രീതിയിൽ സംസാരിക്കുന്ന ഷർജീൽ ഇമാമിനെ പോലെയുള്ളവരെ പരസ്യമായി വെടിവെച്ചു കൊല്ലണമെന്ന് ആഹ്വാനം നൽകി ബിജെപി എംഎൽഎ സംഗീത് സോം. 2013ലെ മുസഫർനഗർ കലാപക്കേസ് പ്രതിയാണ് സംഗീത്.

പൗരത്വ ഭേദഗതിക്കെതിരെ ഷഹീൻബാഗിൽ പ്രതിഷേധിക്കുന്ന സ്ത്രീകൾക്ക് വേറെ ജോലിയൊന്നുമില്ല. ഇവരുടെ സമരത്തിന് ഫണ്ട് ചെയ്യുന്നവർ ആരെന്ന് കണ്ടെത്തണമെന്നും സംഗീത് സോം പറഞ്ഞു. ഇന്ത്യയെ തകർക്കുന്നതിനെ കുറിച്ച് സംസാരിക്കുന്ന ഷർജീൽ ഇമാമിനെ പോലുള്ളവരെ പരസ്യമായി വെടിവെച്ചു കൊല്ലുകയും വേണം.

പൗരത്വ ഭേദഗതി ബില്ലിനെ എതിർത്ത എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി പാക്കിസ്ഥാൻ ഏജന്റാണെന്ന് വിളിച്ച് സംഗീത് സോം നേരത്തെ വിവാദം സൃഷ്ടിച്ചിരുന്നു.

കഴിഞ്ഞ ദിവസം ശിവസേനയും ഷർജീൽ ഇമാമിനെതിരെ വിവാദ പരാമർശം നടത്തിയിരുന്നു. ഷർജീലിനെ പോലുള്ള കീടങ്ങളെ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് സാമ്‌നയിൽ എഴുതിയ മുഖപ്രസംഗത്തിലൂടെ ശിവസേന ആവശ്യപ്പെട്ടിരുന്നു.

Share this story