നിർഭയ കേസ് വധശിക്ഷ സ്റ്റേ ചെയ്തതിനെതിരായ കേന്ദ്രത്തിന്റെ ഹർജിയിൽ വിധി പറയാൻ മാറ്റി

നിർഭയ കേസ് വധശിക്ഷ സ്റ്റേ ചെയ്തതിനെതിരായ കേന്ദ്രത്തിന്റെ ഹർജിയിൽ വിധി പറയാൻ മാറ്റി

നിർഭയ കേസിൽ വധശിക്ഷ സ്റ്റേ ചെയ്തതിനെതിരെ കേന്ദ്രസർക്കാർ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി വിധി പറയാനായി മാറ്റി. മൂന്നര മണിക്കൂറോളം നേരമാണ് ഹർജിയിൽ വാദം നടന്നത്. ഞായറാഴ്ചയായിട്ടും ജസ്റ്റിസ് സുരേഷ് കൈത്ത് അടിയന്തര പ്രാധാന്യത്തോടെ ഹർജി പരിഗണിക്കുകയായിരുന്നു

വധശിക്ഷ സ്റ്റേ ചെയ്തുള്ള ഉത്തരവ് റദ്ദാക്കണമെന്നും പ്രതികൾ നിയമപ്രക്രിയയെ ചൂഷണം ചെയ്യുകയാണെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. വധശിക്ഷ ഒരിക്കലും വൈകിപ്പിക്കാൻ പാടില്ലെന്നും സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു

വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് 14 ദിവസത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ 13ാം ദിവസമാണ് പ്രതികൾ ഹർജികൾ നൽകിയത്. ഇത് ശിക്ഷ വൈകിപ്പിക്കാനുള്ള നടപടിയാണ്. പ്രതികൾക്കുള്ള അന്തിമവിധി സുപ്രീം കോടതി തീരുമാനിച്ചതതാണ്.

നാല് പ്രതികളെയും ഒന്നിച്ച് തൂക്കിലേറ്റണമെന്നില്ല. ദയാഹർജിയിൽ ഓരോ പ്രതികളുടെയും കാര്യത്തിൽ രാഷ്ട്രപതിക്ക് വ്യത്യസ്ത നിലപാട് സ്വീകരിക്കാം. ഇതെങ്ങനെയാണ് മറ്റ് പ്രതികളെ ബാധിക്കുകയെന്നും എസ് ജി ചോദിച്ചു. എന്നാൽ ജീവിതത്തിന്റെ അവസാന ശ്വാസം വരെ നിയമത്തിന്റെ എല്ലാ വഴികളും തേടാൻ ഭരണഘടന അനുവദിക്കുന്നുണ്ടെന്നാണ് പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചത്.

Share this story