മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന് പ്രഖ്യാപിക്കൂ; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാൾ

മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന് പ്രഖ്യാപിക്കൂ; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാൾ

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കാൻ ബിജെപിയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായി സംവാദത്തിനു തയാറാണെന്നും കെജ്രിവാൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ബിജെപിക്ക് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നുവരെയാണ് കെജ്രിവാൾ സമയം നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്ത പക്ഷം താൻ അടുത്ത ദിവസം മറ്റൊരു വാർത്താസമ്മേളനം കൂടി വിളിക്കുമെന്നും കെജ്രിവാൾ പറഞ്ഞു. ആം ആദ്മി പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിലാണ് ബിജെപിയെ വെട്ടിലാക്കുന്ന വെല്ലുവിളിയുമായി കെജ്രിവാൾ രംഗത്തെത്തിയത്. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ ബ്ലാങ്ക് ചെക്ക് നൽകാൻ ദില്ലിയിലെ ജനങ്ങളോട് അമിത് ഷാ ആവശ്യപ്പെടുകയാണെന്നും കെജ്രിവാൾ ആരോപിച്ചു.

തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രി ആരെന്ന് വെളിപ്പെടുത്താമെന്നാണ് അമിത് ഷാ പറയുന്നത്. എന്നാൽ ദില്ലിയിലെ ജനങ്ങൾക്ക് ബിജെപിക്ക് വോട്ടുചെയ്താൽ അവരുടെ മുഖ്യമന്ത്രി ആരെന്നറിയാൻ താൽപ്പര്യമുണ്ട്. അയോഗ്യനായ ആളെയോ വിദ്യാഭ്യാസമില്ലാത്തയാളയോ അമിത് ഷാ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാലോ? അത് ദില്ലിയിലെ ജനങ്ങളോടുള്ള വഞ്ചനയാവുമെന്നും കെജ്രിവാൾ പറഞ്ഞു.

ദില്ലിയിൽ വോട്ടെടുപ്പിന് മൂന്നു ദിവസം മാത്രം ബാക്കിനിൽക്കെയാണ് കെജ്രിവാൾ ബിജെപിയെ വെട്ടിലാക്കി രംഗത്തെത്തുന്നത്.ദില്ലി ജൻ ലോക്പാൽ ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങളാണ് ആപ്പിൻറെ പ്രകടന പത്രികയിൽ. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മുൻഗണന നൽകുന്ന പ്രകടന പത്രികയിൽ റേഷൻ വീടുകളിലെത്തിക്കുമെന്നും ശുചീകരണ സമയത്ത് തൊഴിലാളി മരിച്ചാൽ കുടുംബത്തിന് ഒരു കോടി ധനസഹായം നൽകുമെന്നും വാഗ്ദാനം ചെയ്യുന്നു.

Share this story