വോട്ടിങ് മെഷീനിൽ അനാവശ്യ ഇടപെടൽ നടത്താൻ ശ്രമിച്ചതായി ആരോപണം; വിഡിയോ ദൃശ്യങ്ങളുമായി ആം ആദ്മി പാർട്ടി

വോട്ടിങ് മെഷീനിൽ അനാവശ്യ ഇടപെടൽ നടത്താൻ ശ്രമിച്ചതായി ആരോപണം; വിഡിയോ ദൃശ്യങ്ങളുമായി ആം ആദ്മി പാർട്ടി

നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ (ഇവിഎം) അനാവശ്യ ഇടപെടൽ നടത്താൻ ശ്രമിച്ചുവെന്ന അവകാശവാദത്തിനു തെളിവുമായി ആം ആദ്മി പാർട്ടി. തെളിവുകളെന്ന് വാദിക്കുന്ന രണ്ടു വിഡിയോകൾ മുതിർന്ന പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ് ട്വിറ്ററിലൂടെ പുറത്തുവിട്ടു.

ആദ്യത്തെ വിഡിയോക്കൊപ്പം ബാബർപുർ നിയമസഭാ മണ്ഡലത്തിലെ സരസ്വതി വിദ്യ നികേതൻ സ്‌കൂളിൽ നിന്ന് ആളുകൾ ഉദ്യോഗസ്ഥനെ ഒരു ഇവിഎമ്മുമായി പിടികൂടിയെന്നും ട്വീറ്റിൽ പറയുന്നു. രണ്ടാമത്തെ വിഡിയോയിൽ, തെരുവിലൂടെ വോട്ടിങ് മെഷീൻ കൊണ്ടുപോകുന്നത് കാണാം. ഇതിനൊപ്പം ഇവിഎമ്മുകൾ എവിടെക്കാണ് കൊണ്ടുപോകുന്നതെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ അന്വേഷിക്കണമെന്നും സമീപത്ത് കേന്ദ്രങ്ങളില്ലെന്നും സഞ്ജയ് സിങ് ട്വീറ്റിൽ പറഞ്ഞു.

എന്നാൽ, വോട്ടെടുപ്പിന് ഉപയോഗിച്ച എല്ലാ ഇവിഎം മെഷീനുകളും സീൽചെയ്ത് പൂട്ടി, സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇവ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയതായും കമ്മിഷൻ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് ശനിയാഴ്ച അവസാനിച്ചതു മുതൽ, ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളിൽ ആം ആദ്മി പാർട്ടി പ്രവർത്തകർ കാവലിരിക്കുകയാണ്.

മെഷീനുകളിൽ ഇടപെടൽ നടത്താൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി പാർട്ടി അവകാശപ്പെടുന്നു. ശനിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പാർട്ടി നേതാക്കൾ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ. ആം ആദ്മി പാർട്ടി വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ.

Share this story