ഷഹീൻബാഗ് മാതൃക വടക്കൻ ചെന്നൈയിലും; അപ്രതീക്ഷിത സമരത്തിൽ അമ്പരന്ന് പോലീസ്, ലാത്തിച്ചാർജിൽ പ്രതിഷേധം രൂക്ഷം

ഷഹീൻബാഗ് മാതൃക വടക്കൻ ചെന്നൈയിലും; അപ്രതീക്ഷിത സമരത്തിൽ അമ്പരന്ന് പോലീസ്, ലാത്തിച്ചാർജിൽ പ്രതിഷേധം രൂക്ഷം

ഡൽഹി ഷഹീൻബാഗ് മാതൃകയിൽ വടക്കൻ ചെന്നൈയിലെ തെരുവുകളിലും സമരം വ്യാപിക്കുന്നു. പൗരത്വ നിയമഭേദഗതിക്കെതിരായി ഇന്നലെ വൈകുന്നേരത്തോടെ അപ്രതീക്ഷിതമായാണ് സമരം ആരംഭിച്ചത്.

നഗരത്തിലെ വാഷർമാൻപേട്ടിൽ സമരക്കാരെ പോലീസ് ലാത്തി വീശി ഓടിച്ചുവിടാൻ ശ്രമിച്ചത് സ്ഥിതിഗതികൾ കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. മൂന്ന് ആവശ്യങ്ങളുന്നയിച്ചാണ് സമരക്കാർ വടക്കൻ ചെന്നൈയിൽ തമ്പടിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ പ്രമേയം പാസാക്കണം, ഇക്കാര്യത്തിൽ മുഖ്യമന്ത്രി നേരിട്ട് ഉറപ്പ് നൽകണം, സി എ എ പിൻവലിക്കണം എന്നിങ്ങനെയാണ് സമരക്കാരുടെ ആവശ്യങ്ങൾ

പോലീസിനോ ഇന്റലിജൻസിനോ ഒരു സൂചന പോലും നൽകാതെയാണ് വടക്കൻ ചെന്നൈ തെരുവുകളിൽ പ്രതിഷേധം വ്യാപിച്ചത്. മൗണ്ട് റോഡ്, വാഷർമാൻപേട്ട് എന്നിവിടങ്ങളിലാണ് സമരം തുടരുന്നത്. മറ്റൊരു ഷഹീൻബാഗായി വടക്കൻ ചെന്നൈ മാറാതിരിക്കാനുള്ള ശ്രമമാണ് അതേസമയം സർക്കാർ നടത്തുന്നത്.

ഷഹീൻബാഗിലേത് സമാനമായി സ്ത്രീകളാണ് ഇവിടെയും സമരത്തിന് മുന്നിൽ നിൽക്കുന്നത്. വൻതോതിൽ യുവാക്കളും ഇവർക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. കൃത്യമായ നേതൃത്വമില്ലാത്ത സമരമായതിനാൽ ആരോട് ചർച്ച നടത്തുമെന്ന ആശയക്കുഴപ്പത്തിലാണ് പോലീസും.

Share this story