ട്രംപിന്റെ വരവ് പ്രമാണിച്ച് അഹമ്മദാബാദിലെ കുരങ്ങുകളെയും നാടുകടത്തുന്നു

ട്രംപിന്റെ വരവ് പ്രമാണിച്ച് അഹമ്മദാബാദിലെ കുരങ്ങുകളെയും നാടുകടത്തുന്നു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വരവ് പ്രമാണിച്ച് വൻ ഒരുക്കങ്ങളാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കുന്നത്. നഗരത്തിലെ ചേരികൾ മതില് കെട്ടി മറയ്ക്കാനുള്ള അധികൃതരുടെ നീക്കം കഴിഞ്ഞ ദിവസങ്ങളിൽ വിവാദമായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു നീക്കവുമായി എത്തുകയാണ് അധികൃതർ

അഹമ്മദാബാദ് വിമാനത്താവളത്തിന് അടുത്ത് താമസിക്കുന്ന കുരങ്ങുകളുടെ കൂട്ടത്തെ നാടു കടത്താനൊരുങ്ങുകയാണ് വിമാനത്താവളം അധികൃതർ. വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തി റൺവേയിലേക്ക് ഇറങ്ങാറുള്ള കുരങ്ങുകൂട്ടത്തെ കെണിവെച്ച് പിടിച്ചാണ് നാടുകടത്തുന്നത്.

വിമാനത്താവളത്തോടു ചേർന്നുള്ള സൈനിക കേന്ദ്രങ്ങളിലെ മരങ്ങളിലാണ് വാനര സംഘം തമ്പടിച്ചിരിക്കുന്നത്. ഇവിടെ നിന്നും കുരങ്ങുകൾ റൺവേയിലേക്ക് ഓടിയിറങ്ങുന്നത് പതിവാണ്. കെണിവെച്ച് പിടിച്ച അമ്പതിലധികം കുരങ്ങുകളെ കിലോമീറ്ററുകൾ അകലെയുള്ള വനപ്രദേശത്ത് തുറന്നു വിടുകയായിരുന്നു. വിമാനത്താവളത്തോട് ചേർന്നുള്ള മരങ്ങൾ മുറിക്കാൻ സൈനിക കേന്ദ്രത്തിന് നിർദേശം നൽകിയിട്ടുണ്ട്.

Share this story