ബാഹുബലിയായി വാളെടുത്ത് വീശി ട്രംപ്; ‘ഇന്ത്യൻ സുഹൃത്തുക്കളുടെ’ വീഡിയോ ട്വീറ്റ് ചെയ്ത് അമേരിക്കൻ പ്രസിഡൻറ്

ബാഹുബലിയായി വാളെടുത്ത് വീശി ട്രംപ്; ‘ഇന്ത്യൻ സുഹൃത്തുക്കളുടെ’ വീഡിയോ ട്വീറ്റ് ചെയ്ത് അമേരിക്കൻ പ്രസിഡൻറ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ ഇന്ത്യാ സന്ദർശനത്തിൻറെ ഭാഗമായി രാജ്യത്ത് വലിയ ഒരുക്കങ്ങളാണ് കേന്ദ്രസർക്കാറിൻറെ നിർദ്ദേശപ്രകരാം നടക്കുന്നത്. ഇത് വിമർശനങ്ങൾക്ക് വിധേയമാകുമ്പോൾ തന്നെ ട്വിറ്ററിൽ ട്രംപിൻറെ സന്ദർശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ട്വീറ്റുകൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതിനിടെ ട്രംപിനെ ബാഹുബലിയായി ചിത്രീകരിച്ചുകൊണ്ടുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് സ്വയം ട്വീറ്റ് ചെയ്തിരിക്കുകയാണ് ട്രംപ് ഇപ്പോൾ.

ഇന്ത്യയിലെ സുഹൃത്തുക്കൾ ചെയ്തതെന്ന കുറിപ്പോടെയാണ് അമേരിക്കൻ പ്രസിഡൻറ് ആ വീഡിയോ ഷെയർ ചെയ്തത്. ആ വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖവും കുറച്ച് സെക്കൻറിൽ കാണാം. ജിയോ രെ ബാഹുബലി എന്ന ഗാനരംഗത്തിലാണ് ബാഹുബലിയായി ട്രംപിനെ മോർഫ് ചെയ്തിരിക്കുന്നത്. അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപിനെയും ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. രമ്യാകൃഷ്ണൻറെ ശിവകാമി ദേവിയെന്ന കഥാപാത്രമായാണ് മെലാനിയയെ മോർഫ് ചെയ്തിരിക്കുന്നത്.

ട്രംപ് വാൾപ്പയറ്റ് നടത്തുന്നതും കുതിരയെ ഓടിക്കുന്നതും യുദ്ധം ചെയ്യുന്നതുമെല്ലാമാണ് വീഡിയോ. വീഡിയോയിൽ മകൾ ഇവാങ്ക ട്രംപിനെയും ഡൊണാൾഡ് ട്രംപ് ജൂനിയറിനെയും കാണാം. ഇന്ത്യയും അമേരിക്കയും ഒരുമിക്കുന്നു എന്ന സന്ദേശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. ട്വീറ്റ് ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ 17000 ലേറെ പേരാണ് ട്വീറ്റ് ഷെയർ ചെയ്തത്.

Share this story