കലാപഭൂമിയായി ഡല്‍ഹി; മരണസംഖ്യ 13

കലാപഭൂമിയായി ഡല്‍ഹി; മരണസംഖ്യ 13

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ മൂന്നുദിവസമായി നടന്നുവരുന്ന ഏറ്റുമുട്ടലില്‍ ഡല്‍ഹി സംഘര്‍ഷഭരിതം. ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ 13 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായിട്ടുള്ളത്.

 

നൂറ്റമ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 70ല്‍ അധികം പേര്‍ക്ക് പരിക്കു പറ്റിയത് വെടിയേറ്റതുമൂലമാണ്. ഇരുവിഭാഗങ്ങളും ചേരിതിരിഞ്ഞ് പരസ്പരം കല്ലെറിയുകയും വാഹനങ്ങള്‍ക്കും കടകള്‍ക്കും തീവെക്കുകയും ചെയ്തു. സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണമുണ്ടായി.

 

സംഘര്‍ഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അക്രമികളെ കണ്ടാല്‍ ഉടന്‍ വെടിവെക്കാനുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും റോഡുകളിലിടനീളം ആള്‍ക്കൂട്ടം ആയുധങ്ങളുമായി തമ്പടിച്ച് നില്‍ക്കുകയാണ്.

 

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ ഇപ്പോഴും സംഘര്‍ഷം തുടരുന്നു. ഡല്‍ഹിയില്‍ സംഘര്‍ഷം വ്യാപിക്കുന്ന നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു . അര്‍ധസൈനികരും പൊലീസും രംഗത്തിറങ്ങി. സംഘര്‍ഷം നിയന്ത്രിക്കാന്‍ ശ്രമം തുടരുന്നു. ചാന്ദ്ബാഗില്‍ പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു.

 

ഡല്‍ഹി ജിടിബി ആശുപത്രി പരുക്കേറ്റവരെകൊണ്ട് നിറഞ്ഞു. പകുതിയിലേറെപേര്‍ക്കും വെടിയേറ്റുള്ള പരുക്കാണ്. സംഘര്‍ഷമേഖലകളില്‍നിന്ന് ഇപ്പോലും ഇവിടേക്ക് പരുക്കേറ്റവരെ എത്തിച്ചുകൊണ്ടിരിക്കുന്നു.

 

പൗരത്വ സമരത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ ഞായറാഴ്ച വൈകിട്ട് മോജ്പുരയില്‍ ആരംഭിച്ച സംഘര്‍ഷം മൂന്നാം ദിവസവും നിയന്ത്രണ വിധേയമാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇന്നലത്തെ സംഘര്‍ഷങ്ങളുടെ മുഖ്യ കേന്ദ്രം ആയ മോജ്പുരയും ഗോകുല്‍പുരിയും തന്നെയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ആക്രമങ്ങള്‍ക്ക് സാക്ഷിയായത്.

 

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഏറ്റവും വലിയ ടയര്‍ മാര്‍ക്കറ്റില്‍ നൂറിലധികം ചെറു കടകള്‍ അറ്റകുറ്റപ്പണികള്‍ പോലും സാധ്യതമാകാത്ത രീതിയില്‍ കത്തി നശിച്ചു. കടകള്‍ക്ക് മുന്നിലുണ്ടായിരുന്ന വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തി. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായാണ് അക്രമികള്‍ തീവച്ചത്.

Share this story