ഡൽഹി സംഘർഷം: അക്രമസംഭവങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് അമിത് ഷാ; സ്ഥിതിഗതികൾ ആഭ്യന്തര മന്ത്രി നേരിട്ട് വീക്ഷിക്കുന്നു

ഡൽഹി സംഘർഷം: അക്രമസംഭവങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് അമിത് ഷാ; സ്ഥിതിഗതികൾ ആഭ്യന്തര മന്ത്രി നേരിട്ട് വീക്ഷിക്കുന്നു

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തുന്നവരെ സംഘ്പരിവാർ അനുകൂലികൾ ആക്രമിച്ചതിന് പിന്നാലെ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു ചേർത്തു. ആഭ്യന്തര സെക്രട്ടറി എ കെ ഭല്ല, ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാൽ, ഡൽഹി പോലീസ് കമ്മീഷണർ അമൂല്യ പട്‌നായിക് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

അക്രമസംഭവങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് അമിത് ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സ്ഥിതിഗതികൾ അമിത് ഷാ നേരിട്ട് നിരീക്ഷിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഘർഷത്തിൽ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ഡൽഹിയിൽ പത്തിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്.

നിരവധി പേർക്ക് പരുക്കേറ്റിരുന്നു. വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കി. വ്യാപാരസ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു. ഒരു പോലീസുദ്യോഗസ്ഥനും സംഘർഷത്തിനിടെ മരിച്ചിരുന്നു.

ജനങ്ങൾ സംയമനം പാലിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അഭ്യർഥിച്ചു. മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ശക്തികളെ പരാജയപ്പെടുത്തണം. ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ഇവിടെ വിജയിക്കാനാകില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു

Share this story