ഡല്‍ഹിയില്‍ സംഘര്‍ഷം വ്യാപിക്കുന്നു; വെടിയേറ്റ പതിനാലുകാരന്‍ ജീവനുവേണ്ടി നടുറോഡില്‍ കിടന്നത് ആറുമണിക്കൂര്‍

ഡല്‍ഹിയില്‍ സംഘര്‍ഷം വ്യാപിക്കുന്നു; വെടിയേറ്റ പതിനാലുകാരന്‍ ജീവനുവേണ്ടി നടുറോഡില്‍ കിടന്നത് ആറുമണിക്കൂര്‍

പൗരത്വനിയമത്തിനെതിരെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കലാപത്തിലേക്ക് മാറിയിരിക്കുകയാണ്. അതിനിടെ വെടിയേറ്റ പതിനാലുകാരനെ ആശുപത്രിയിലെത്തിക്കാന്‍ അക്രമകാരികള്‍ ആംബുലന്‍സിനെ പോലും അനുവദിച്ചില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

ഗോകുല്‍പുരി, മോജ്പുര മേഖലകളില്‍ നിരവധി വാഹനങ്ങളും കടകളും തീവച്ച് നശിപ്പിച്ചു. മോജ്പുരയില്‍ അക്രമികളുടെ വെടിവയ്പ്പില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരുക്കേറ്റു.

 

നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും റോഡുകളിലിടനീളം ആള്‍ക്കൂട്ടം ആയുധങ്ങളുമായി തമ്പടിച്ച് നില്‍ക്കുകയാണ്. ഇന്നലെ നടന്ന അക്രമങ്ങളില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ 10 പേരാണ് കൊല്ലപ്പെട്ടത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ ഇപ്പോഴും സംഘര്‍ഷം തുടരുന്നു. ഡല്‍ഹിയില്‍ സംഘര്‍ഷം വ്യാപിക്കുന്ന നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

 

കലാപത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. ഏറ്റുമുട്ടലില്‍ പരിക്കേറ്റ 150 പേരെ ജെടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മെഡിക്കല്‍ സൂപ്രണ്ട് സുനില്‍കുമാര്‍ പറഞ്ഞു. ഇതില്‍ 70പേരുടെ പരിക്ക് വെടിയേറ്റതിനെ തുടര്‍ന്നാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ജാഫ്രാബാദ്, ഗോകുല്‍പുരി, ഭജന്‍പുര എന്നിവിടങ്ങളില്‍ ആക്രമണങ്ങള്‍ തുടരുകയാണ്. ആയുധങ്ങളുമേന്തി അക്രമികള്‍ തെരുവുകള്‍ കയ്യേറിയപ്പോള്‍, പലയിടത്തും പൊലീസ് സന്നാഹമില്ല. കര്‍ദംപുരിയില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ വെടിവെയ്പ്പുണ്ടായി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നാലിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

 

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേയ്ക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.അഞ്ചു മെട്രോ സ്റ്റേഷനുകള്‍ അടച്ചു. 6000ത്തില്‍പ്പരം പൊലീസുകാരെയും അര്‍ധ സൈനികരെയുമാണ് വിന്യസിച്ചിരിക്കുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ചാന്ദ് ബാഗില്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

Share this story