ഡല്‍ഹിയില്‍ പേര് ചോദിച്ച് മർദ്ദിക്കുകയാണെന്ന് പരിക്കേറ്റവർ; അക്രമം പൊലീസ് നോക്കി നില്‍ക്കെ

ഡല്‍ഹിയില്‍ പേര് ചോദിച്ച് മർദ്ദിക്കുകയാണെന്ന് പരിക്കേറ്റവർ; അക്രമം പൊലീസ് നോക്കി നില്‍ക്കെ

ഡല്‍ഹിയില്‍ പൗരത്വ നിയമഭേദഗതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘർഷത്തില്‍ മരണം അഞ്ചായി. വടക്ക് കിഴക്കൻ ദില്ലിയിൽ പത്തിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്, കൂടുതൽ സേന സ്ഥലത്തെത്തിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പരീക്ഷകളും മാറ്റിവച്ചു. മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ശക്തമായ നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍.

 

പേര് ചോദിച്ചാണ് മർദ്ദനം നടക്കുന്നതെന്നും, പൊലീസ് ആക്രമണങ്ങൾക്ക് ഒത്താശ ചെയ്യുന്നതായും ആക്രമണങ്ങളിൽ പരിക്കേറ്റവർ പറഞ്ഞു. പരിക്കേറ്റവരില്‍ മിക്കതും വെടിയേറ്റായിരുന്നു. രാത്രി വൈകിയും അക്രമം തുടര്‍ന്നു. സിഎഎക്ക് എതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ സിഎഎ അനുകൂലികള്‍ വെടിയുതിര്‍ക്കുകയും കല്ലെറിയുകയും ചെയ്തു.

 

സിഎഎ പ്രതിഷേധക്കാരെ നേരിടാനായി കല്ലുകള്‍ ലോറികളില്‍ കൊണ്ടുവരികയായിരുന്നുവെന്ന് അനുകൂലികള്‍ പറയുന്നു. മതം ചോദിച്ചായിരുന്നു ആക്രമണമെന്ന് പരിക്കേറ്റവരുടെ ബന്ധുക്കള്‍ പറഞ്ഞു. പരിക്കേറ്റവരുമായി പോയ ആംബുലന്‍സിനെയും പ്രക്ഷോഭകാരികള്‍ വെറുതെവിട്ടില്ല. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു ആക്രമണമെന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ജെഎന്‍യു വിദ്യാര്‍ഥി സഫ പറഞ്ഞു. അക്രമികള്‍ക്കൊപ്പം നിന്നുവെന്ന വിമര്‍ശവും പൊലീസിനെതിരെയുണ്ട്.

Share this story