എന്‍.പി.ആര്‍ നടപടികളില്‍ ഭയം; മുസ്ലീം സമുദായത്തില്‍പെട്ടവര്‍ കൂട്ടമായി ബാങ്കിലെത്തി പണം പിന്‍വലിക്കുന്നു

എന്‍.പി.ആര്‍ നടപടികളില്‍ ഭയം; മുസ്ലീം സമുദായത്തില്‍പെട്ടവര്‍ കൂട്ടമായി ബാങ്കിലെത്തി പണം പിന്‍വലിക്കുന്നു

രാജ്യത്ത് നടപിലാക്കുന്ന പൗരത്വ നിയമ ഭേദഗയും പൗരത്വ രജിസ്റ്ററും മുസ്ലീം സമുദായത്തെ കൂടുതല്‍ ആശങ്കയിലാക്കുന്നെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാറിന്റെ പുതിയ നടപടി ക്രമങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി നൂറ് കണക്കിന് മുസ്ലീങ്ങള്‍ ബാങ്കിലെത്തി കൂട്ടത്തോടെ പണം പിന്‍വലിക്കുന്നു.

 

തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലാണ് പുതിയ പ്രവണത റിപ്പോര്‍ട്ട് ചെയ്തത്. പണം നഷ്ടപ്പെടുമെന്ന തരത്തില്‍ കിംവദന്തി പ്രചരിച്ചതോടെ ഇവിടെ മുസ്ലീം ജനത ആശങ്കയിലാണ്. കൂട്ടമായി ബാങ്കില്‍ ഇവര്‍ എത്തിയതോടെയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ കാര്യം അന്വേഷിച്ചത്. തുടര്‍ന്ന് ഗ്രാമവാസികളെ ബോധവത്കരിക്കുന്നതിനുള്ള ശ്രമം ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ആരംഭിച്ചിട്ടുണ്ട്.

 

പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയതോടെയാണ് ഇത്തരത്തിലൊരു ഭയം ഗ്രാമവാസികളെ പിടികൂടിയത്. വര്‍ഷങ്ങള്‍ കൊണ്ട് സമ്പാദിച്ച തുക ഈ കാരണത്താല്‍ നഷ്ടമാവും എന്ന് കരുതിയാണ് ജനം ഒന്നാകെ ബാങ്കുകളിലേക്ക് ഒഴുകിയെത്തിയത്.

 

കെ.വൈ.സി ഡോക്യുമെന്റുകള്‍ ബാങ്കുകളില്‍ ഹാജരാക്കണമെന്ന തരത്തില്‍ കഴിഞ്ഞമാസം തമിഴ് പത്രങ്ങള്‍ ബാങ്കുകളുടെ പരസ്യം വന്നിരുന്നു. നാഗപട്ടണത്തിന് സമാനമായ സംഭവം അന്ന് തൂത്തുക്കുടി ജില്ലയിലും സംഭവിച്ചിരുന്നു. മൂന്ന് ദിവസങ്ങള്‍ കൊണ്ട് നാല് കോടിയോളം രൂപയാണ് ഈ ജില്ലയില്‍ ബാങ്കികളില്‍ നിന്നും പിന്‍വലിക്കപ്പെട്ടത്. ചിലര്‍ മിനിമം ബാലന്‍സ് പോലും സൂക്ഷിക്കാതെ അക്കൗണ്ട് ക്ളോസ് ചെയ്താണ് മടങ്ങിയത്.

Share this story