ഡല്‍ഹി സംഘര്‍ഷം: ഇരുപത് പേരെ അറസ്റ്റ് ചെയ്തു

ഡല്‍ഹി സംഘര്‍ഷം: ഇരുപത് പേരെ അറസ്റ്റ് ചെയ്തു

ഡല്‍ഹിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നാലു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടാലുടന്‍ വെടിവെയ്ക്കാനുള്ള ഉത്തരവ് ഡല്‍ഹി പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നാലിടങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ഇപ്പോഴും തുടരുന്നുണ്ട്.. ഇതുവരെ 16 പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. 48 പൊലീസുകാരുള്‍പ്പെടെ 200-ലേറെ പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇതില്‍ 70 പേര്‍ക്ക് വെടിയേറ്റാണ് പരിക്ക്. ഒട്ടേറെ പേരുടെ നില ഗുരുതരമാണ്.

 

പൗരത്വ സമരവുമായി ബന്ധപ്പെട്ട് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി ഉയര്‍ന്നു. നിരവധി പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. അതേസമയം ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വിലയിരുന്നതിനായി കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് ചേരും.

 

മുസ്തഫാബാദിലെ അക്രമത്തില്‍ അര്‍ദ്ധരാത്രി ഒരാള്‍ കൂടി മരിച്ചു. 12 പേര്‍ക്ക് കൂടി വെടിയേറ്റു. 56 പൊലീസുകാരടക്കം ഇരുന്നൂറിലേറെപ്പേര്‍ക്ക് പരിക്കുണ്ട്. 35 പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രിയും പലയിടത്തും അക്രമം തുടരുകയാണ്. വെടിയേറ്റ് പരിക്ക് പറ്റിയവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഗോകുല്‍പുരി, മോജ്പുര മേഖലകളില്‍ നിരവധി വാഹനങ്ങളും കടകളും തീവെച്ച് നശിപ്പിച്ചു.

 

മോജ്പുരയില്‍ അക്രമികളുടെ വെടിവെയ്പ്പില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും റോഡുകളിലുടനീളം ആള്‍ക്കൂട്ടം ആയുധങ്ങളുമായി തമ്പടിച്ച് നില്‍ക്കുകയാണ്. അതേസമയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷമേഖലയില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

Share this story