“ഡൽഹിയിൽ മതിയായ സുരക്ഷ ഉണ്ട്, ആരും ഭയപ്പെടേണ്ടതില്ല”: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ

“ഡൽഹിയിൽ മതിയായ സുരക്ഷ ഉണ്ട്, ആരും ഭയപ്പെടേണ്ടതില്ല”: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ

ഡൽഹിയിൽ വേണ്ടത്ര സുരക്ഷ സന്നാഹങ്ങൾ ഏർപെടുത്തിയിട്ടുണ്ടെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ പറഞ്ഞതായി എൻ‌ഡി‌ടി‌വി പറഞ്ഞു. അതേസമയം ഡൽഹിയിലെ കലാപത്തിൽ 18 പേർ കൊല്ലപ്പെടുകയും 150 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. “നിയമം അനുസരിക്കുന്ന ഒരു പൗരനെയും ആരും ഉപദ്രവിക്കില്ല” എന്ന് ഇന്നലെ രാത്രി ഡൽഹിയിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ഡോവൽ പറഞ്ഞു.

 

“ഡൽഹി പൊലീസിന്റെ കഴിവുകളെയും ഉദ്ദേശ്യങ്ങളെയും ആളുകൾ സംശയിച്ചിരുന്നു. ഇത് പരിഹരിക്കേണ്ടതുണ്ട്. യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ ജനം വിശ്വസിക്കേണ്ടതുണ്ട്,” ഡോവൽ പറഞ്ഞു. അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ പ്രകടമായ നിഷ്‌ക്രിയത്വത്തിനും വേണ്ടത്ര സേനയെ വിന്യസിക്കാത്തതിനും ഡൽഹി പൊലീസിനെതിരെ രൂക്ഷമായ വിമർശനം നിലനിൽക്കുന്നുണ്ട്.

 

അക്രമബാധിതമായ വടക്കുകിഴക്കൻ ഡൽഹി പ്രദേശങ്ങളായ സീലാംപൂർ, ജാഫ്രാബാദ്, മൗജ്പൂർ, ഗോകുൽപുരി ചൗക്ക് എന്നിവ സന്ദർശിച്ച് ക്രമസമാധാനനിലയെക്കുറിച്ച് ഡോവൽ വിലയിരുത്തുകയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Share this story