ഡൽഹി കലാപം; മറ്റൊരു 1984 സംഭവിക്കുന്നത് അനുവദിക്കാനാവില്ല: ഹൈക്കോടതി

ഡൽഹി കലാപം; മറ്റൊരു 1984 സംഭവിക്കുന്നത് അനുവദിക്കാനാവില്ല: ഹൈക്കോടതി

1984ലേതിന് സമാനമായ മറ്റൊരു കലാപം നടക്കുന്നത് ഈ രാജ്യത്ത് അനുവദിക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി ജസ്റ്റിസ് എസ് മുരളീധർ പറഞ്ഞു. അതേസമയം ഡൽഹി കലാപത്തിൽ മരണസംഖ്യ 22 ആയി. വടക്കുകിഴക്കൻ ഡൽഹി അക്രമത്തിൽ ഗുരു തെഗ് ബഹദൂർ ആശുപത്രിയിൽ 21 ഉം ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു.

 

“1984ലെ പോലെ മറ്റൊരു സംഭവം ഈ നഗരത്തിൽ നടക്കുന്നത് ഈ കോടതി ഉള്ളപ്പോൾ അനുവദിക്കാൻ കഴിയില്ല,” ജസ്റ്റിസ് മുരളീധർ നിരീക്ഷിച്ചു, “ഒരു ഐ.ബി ഉദ്യോഗസ്ഥനെ ആക്രമിച്ചതായി ഞങ്ങൾ കേട്ടു. ഇവ ഉടൻ പരിശോധിക്കണം”.

 

ഡൽഹി ഹൈക്കോടതിയിലെ രണ്ട് അംഗ ബെഞ്ച് പുലർച്ചെ 12.30 ന് ജസ്റ്റിസ് മുരളീധറിന്റെ വസതിയിൽ അടിയന്തര വാദം കേട്ടു. കലാപത്തിൽ പരിക്കേറ്റവർക്ക് മതിയായ സൗകര്യങ്ങളുള്ള മെഡിക്കൽ സ്ഥാപനങ്ങളിലേക്ക് സുരക്ഷിതമായി കടന്നുപോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തര ഹർജി കോടതി പരിഗണിക്കുകയായിരുന്നു.

 

ഇത് ഉറപ്പാക്കാൻ എല്ലാ സന്നാഹങ്ങളും വിന്യസിക്കണമെന്ന് കോടതി ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടു. പരിക്കേറ്റവരെക്കുറിച്ചുള്ള വിവരങ്ങളും അവർക്ക് നൽകുന്ന ചികിത്സയും ഉൾപ്പെടെയുള്ള റിപ്പോർട്ടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Share this story