ഡൽഹി കലാപം: അന്വേഷണത്തിനായി രണ്ട് പ്രത്യേക സംഘങ്ങൾ; മരിച്ചവർക്കും പരുക്കേറ്റവർക്കും നഷ്ടപരിഹാരം

ഡൽഹി കലാപം: അന്വേഷണത്തിനായി രണ്ട് പ്രത്യേക സംഘങ്ങൾ; മരിച്ചവർക്കും പരുക്കേറ്റവർക്കും നഷ്ടപരിഹാരം

വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസുകൾ ഡൽഹി പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. രണ്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് കേസുകൾ അന്വേഷിക്കുമെന്ന് അധികൃതർ വാർത്താ ഏജൻസിയോട് പറഞ്ഞു

ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാരായ ജോയ് ടിർക്കി, രാജേഷ് ദിയോ എന്നിവർ അന്വേഷണ സംഘങ്ങൾക്ക് നേതൃത്വം നൽകും. നാല് അസിസ്റ്റന്റ് കമ്മീഷണർ രണ്ട് സംഘങ്ങളിലുണ്ടാകും. കലാപവുമായി ബന്ധപ്പെട്ട് 48 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കലാപത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് സ്വകാര്യ ആശുപത്രിയിലടക്കം സൗജന്യ ചികിത്സ ലഭ്യമാക്കും. അംഗവൈകല്യം സംഭവിച്ചവർക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകും. ഗുരുതരമായി പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും നിസാര പരുക്കേറ്റവർക്ക് ഇരുപതിനായിരം രൂപയും നൽകും

വീടുകളും കച്ചവട സ്ഥാപനങ്ങളും കത്തിനശിച്ചവർക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും. കാലപത്തിനിടെ വളർത്തു മൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് അമ്പതിനായിരം രൂപയും റിക്ഷകൾ നഷ്ടപ്പെട്ടവർക്ക് 25,000 രൂപയും ഇ റിക്ഷ നഷ്ടപ്പെട്ടവർക്ക് അമ്പതിനായിരം രൂപയും നൽകും.

Share this story