ഡൽഹിയിൽ 70 കമ്പനി അർധ സൈനികരെ വിന്യസിച്ചു; സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് കേന്ദ്രം

ഡൽഹിയിൽ 70 കമ്പനി അർധ സൈനികരെ വിന്യസിച്ചു; സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് കേന്ദ്രം

ഡൽഹിയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കലാപം നിയന്ത്രിക്കുന്നതിനായി 70 കമ്പനി അർധ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഡൽഹി പോലീസിന്റെ നിയന്ത്രണത്തിലാണ് സുരക്ഷാ വിന്യാസം.

സംശയിക്കപ്പെടുന്ന 514 പേർ കസ്റ്റഡിയിലാണ്. അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ കസ്റ്റഡികളും അറസ്റ്റും ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച രാത്രിയും ആഭ്യന്തര മന്ത്രി അമിത് ഷാ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കഴിഞ്ഞ 48 മണിക്കൂറിനിടെ രണ്ട് തവണ കലാപ മേഖലകൾ സന്ദർശിക്കുകയും ജനങ്ങളുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഡൽഹിയിലെ 12 പോലീസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ് കലാപമുണ്ടായത്. കഴിഞ്ഞ 36 മണിക്കൂറുകളായി ഇവിടം ശാന്തമാണ്. സാമുദായിക സംഘർഷങ്ങളുണ്ടാക്കാൻ താത്പര്യപ്പെടുന്ന സന്ദേശങ്ങൾ അവഗണിക്കാനും ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കലാപബാധിത പ്രദേശങ്ങളിലെ ആളുകളുമായി സമാധാന കമ്മിറ്റികൾ സംവദിക്കുന്നുണ്ട്. എല്ലാ വിഭാഗങ്ങളിലെയും അംഗങ്ങൾ ഉൾപ്പെട്ട സമാധാന സമിതികളാണ് രൂപീകരിച്ചിട്ടുള്ളത്. റോഡുകളും മറ്റും വൃത്തിയാക്കുന്ന പ്രവൃത്തിക്കൾ പുരോഗമിക്കുകയാണ്. തകർന്ന പൊതുസ്ഥാപനങ്ങൾ സാധാരണ നിലയിലാക്കാനുള്ള നടപടികളും ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

Share this story