നിർഭയ കേസ് പ്രതികളുടെ വധശിക്ഷ വൈകും; പവൻഗുപ്തയുടെ തിരുത്തൽ ഹർജി സുപ്രീം കോടതി മാർച്ച് ആറിന് പരിഗണിക്കും

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ വൈകും; പവൻഗുപ്തയുടെ തിരുത്തൽ ഹർജി സുപ്രീം കോടതി മാർച്ച് ആറിന് പരിഗണിക്കും

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വീണ്ടും വൈകും. പ്രതികളിലൊരാളായ പവൻ ഗുപ്ത നൽകിയ തിരുത്തൽ ഹർജി സുപ്രീം കോടതി പരിഗണിക്കാൻ തീരുമാനിച്ചതോടെയാണ് വധശിക്ഷ വൈകുന്നത്. തിരുത്തൽ ഹർജി മാർച്ച് ആറിന് സുപ്രീം കോടതി പരിഗണിക്കും.

അടുത്താഴ്ച പരിഗണിക്കുന്ന കേസുകളുടെ താത്കാലിക പട്ടികയിൽ പവൻഗുപ്തയുടെ തിരുത്തൽ ഹർജിയും ഇടം പിടിച്ചിട്ടുണ്ട്. ഇതനുസരിച്ച് മാർച്ച് ആറിനാണ് പവൻഗുപ്തയുടെ ഹർജി പരിഗണിക്കുന്നത്.

നേരത്തെ മാർച്ച് മൂന്നിന് കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റാൻ പട്യാല ഹൗസ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. തിരുത്തൽ ഹർജി പരിഗണിക്കാൻ തീരുമാനിച്ചതോടെ മരണവാറണ്ട് പുതുക്കേണ്ടതായി വരും. ഇത് മൂന്നാം തവണയാണ് മരണവാറണ്ട് പുറപ്പെടുവിച്ച ശേഷം വധശിക്ഷ മാറ്റിവെക്കുന്നത്.

തിരുത്തൽ ഹർജി തള്ളിയാൽ ദയാഹർജിയുമായി മുന്നോട്ടു പോകാനാണ് പവൻ ഗുപ്തയുടെ തീരുമാനം. വധശിക്ഷ പരമാവധി വൈകിപ്പിക്കാനുള്ള പ്രതികളുടെ നീക്കത്തിനെതിരെ നിർഭയയുടെ അമ്മയും ബന്ധുക്കളും നേരത്തെ രംഗത്തുവന്നിരുന്നു.

Share this story