ഡൽഹി കലാപം: 630 പേർ അറസ്റ്റിലായതായി പോലീസ്; രജിസ്റ്റർ ചെയ്തത് 148 എഫ് ഐ ആറുകൾ

ഡൽഹി കലാപം: 630 പേർ അറസ്റ്റിലായതായി പോലീസ്; രജിസ്റ്റർ ചെയ്തത് 148 എഫ് ഐ ആറുകൾ

ഡൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് 630 പേരെ അറസ്റ്റ് ചെയ്തതായി പോലീസ്. 148 എഫ് ഐ ആറുകളാണ് കലാപത്തിൽ രജിസ്റ്റർ ചെയ്തത്. കേസുകളുടെ അന്വേഷണം ഡൽഹി പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ രണ്ട് പ്രത്യേക അന്വേഷണ സംഘമാണ് ഇനി കേസ് അന്വേഷിക്കുക

കേസുകളിൽ 25 എണ്ണം സായുധ നിയമപ്രകാരം രജിസ്റ്റർ ചെയ്തതാണ്. കലാപത്തിൽ 42 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. വെള്ളിയാഴ്ച മാത്രം നാല് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 26 പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാനായത്.

വടക്കുകിഴക്കൻ ഡൽഹി നിലവിൽ ശാന്തമാണ്. കർഫ്യുവിൽ ഇളവ് വരുത്തിയതോടെ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്. കലാപബാധിത പ്രദേശങ്ങളുടെ നിയന്ത്രണം കേന്ദ്ര സേന ഏറ്റെടുത്തതോടെയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്.

ജാഫ്രാബാദ്, മൗജാപൂർ, ചാന്ദ്ബാഗ്, ഖുരേജി ഖാസ്, ഭജൻപുര, കബീർ നഗർ, ബാബർപുര, സീലാംപൂർ തുടങ്ങിയ പ്രശ്‌നമേഖലകളിൽ ഏഴായിരത്തോളം അർധസൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്.

Share this story