ഡല്‍ഹി ശാന്തമാവുന്നു; രണ്ടുദിവസങ്ങളിലായി ചേര്‍ന്നത് 331 സമാധാനയോഗങ്ങള്‍

ഡല്‍ഹി ശാന്തമാവുന്നു; രണ്ടുദിവസങ്ങളിലായി ചേര്‍ന്നത് 331 സമാധാനയോഗങ്ങള്‍

ഡല്‍ഹി കലാപത്തിന് ശേഷം വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ ശാന്തമായി തുടരുന്നു. നിരോധനാജ്ഞയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ഇന്നും ഇളവുകള്‍ ഏര്‍പ്പെടുത്തും. കഴിഞ്ഞ ദിവസം ഇളവ് ഏര്‍പ്പെടുത്തിയതിലുള്ള പ്രതികരണം പോലീസിന്റെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്.

വെള്ളിയാഴ്ച കര്‍ഫ്യൂവില്‍ ഇളവുവരുത്തിയതോടെ ചിലയിടങ്ങളില്‍ കടകള്‍ തുറന്നു. വാഹനങ്ങളോടി. റോഡുകളില്‍ കുമിഞ്ഞുകൂടിയ കലാപത്തിന്റെ അവശിഷ്ടങ്ങള്‍ മുനിസിപ്പല്‍ ജീവനക്കാര്‍ ട്രക്കുകളില്‍ നീക്കുന്നതിനും വൈദ്യുതിജീവനക്കാര്‍ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ജാഫ്രാബാദ്, മൗജാപുര്‍, ചാന്ദ്ബാഗ്, ഖുരേജി ഖാസ്, ഭജന്‍പുര, കബീര്‍ നഗര്‍, ബാബര്‍പുര, സീലാംപുര്‍ തുടങ്ങിയ പ്രശ്‌നമേഖലകളില്‍ ഡല്‍ഹി പോലീസിനു പുറമേ ഏഴായിരത്തോളം അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ട്. എത്രയുംവേഗം സമാധാനം വീണ്ടെടുക്കുകയാണ് പോലീസിന്റെ പ്രധാനലക്ഷ്യമെന്ന് ജോയന്റ് കമ്മിഷണര്‍ ഒ.പി. മിശ്ര കലാപബാധിത പ്രദേശമായ ചാന്ദ്ബാഗില്‍വെച്ച് ‘മാതൃഭൂമി’യോട് പറഞ്ഞു. പ്രദേശത്തെ ജനങ്ങളോടും മതനേതാക്കളോടും പോലീസ് കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ട്. രണ്ടുദിവസങ്ങളിലായി 331 സമാധാനയോഗങ്ങള്‍ ചേര്‍ന്നു.

സ്ഥിതിഗതികള്‍ ശാന്തമായി തുടര്‍ന്നാല്‍ ഒരാഴ്ചക്ക് ശേഷം സേനയെ പിന്‍വലിക്കാമെന്ന വിലയിരുത്തലുകളുണ്ട്. നിലവിലെ സ്ഥിതി തൃപ്തികരമെന്നാണ് ആഭ്യന്തര വകുപ്പിന്റെയും വിലയിരുത്തല്‍. അതേ സമയം ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഇനിയും പോലീസിന് മുന്നില്‍ ഹാജരായിട്ടില്ല. ഐ ബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ മരണത്തില്‍ താഹിറന്റ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്

Share this story