കാൻസറിനെപ്പോലെ കൊറോണയും ചാണകവും ഗോമൂത്രവും ഉപയോഗിച്ച് സുഖപ്പെടുത്താം: അസം ബിജെപി എം‌.എൽ‌.എ

കാൻസറിനെപ്പോലെ കൊറോണയും ചാണകവും ഗോമൂത്രവും ഉപയോഗിച്ച് സുഖപ്പെടുത്താം: അസം ബിജെപി എം‌.എൽ‌.എ

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ കൊറോണക്കെതിരെ പോരാടാൻ ചാണകം സഹായിക്കുമെന്ന് അസമിലെ ഒരു ബിജെപി എം‌എൽ‌എ അവകാശപ്പെട്ടു.

“ചാണകം, ഗോമൂത്രം എന്നിവയെക്കുറിച്ച് സർക്കാർ ഗവേഷണം നടത്തുന്നു. ചാണകം കത്തിക്കുമ്പോൾ, പുറത്തുവരുന്ന പുകയ്ക്ക് വൈറസിനെ നശിപ്പിക്കാൻ ശക്തിയുണ്ട്. കൊറോണ പൊട്ടിപ്പുറപ്പെടുന്നത് തടയാൻ ചാണകം സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു,” കന്നുകാലി കടതിനെക്കുറിച്ചുള്ള ചർച്ചയിൽ ഹജോ എം‌എൽ‌എ സുമൻ ഹരിപ്രിയ തിങ്കളാഴ്ച നിയമസഭയിൽ പറഞ്ഞു.

ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബിജോയ ചക്രവർത്തിയുടെ മകളായ സുമൻ ഹരിപ്രിയ ആദ്യമായാണ് എം‌എൽ‌എ ആവുന്നത്. രാഷ്ട്രീയത്തിൽ വരുന്നതിന് മുമ്പ് അവർ ചലച്ചിത്രങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്.

“മതപരമായ ചടങ്ങുകളിൽ ചാണകവും ഗോമൂത്രവും ഉപയോഗിക്കുന്നതിന് ശാസ്ത്രീയ കാരണങ്ങളുണ്ട്. ഗുജറാത്തിൽ ചില ആശുപത്രികളുണ്ട്, അവിടെ രോഗികൾക്ക് ആയുർവേദ മരുന്നുകൾ നൽകുന്നു. അവിടത്തെ രോഗികളെ പശുക്കളോടൊപ്പം പാർപ്പിക്കുകയും ഗോമൂത്രം, ചാണകം എന്നിവയിൽ നിന്ന് തയ്യാറാക്കിയ പഞ്ചാമൃത് നൽകുകയും ചെയ്യുന്നു, ”എം‌എൽ‌എ പറഞ്ഞു.

ചാണകവും ഗോമൂത്രവും ഉപയോഗിക്കുന്ന “ബദൽ രീതി” പിന്തുടർന്ന് ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് അവർ പറഞ്ഞു.

“ഈ രീതി പിന്തുടർന്ന് കാൻസർ രോഗികൾക്ക് സുഖം പ്രാപിക്കുന്നതിനെക്കുറിച്ച് ഞാൻ മനസ്സിലാക്കി. പഴയ കാലത്ത് ആളുകൾ പശുക്കളെ ആരാധിക്കുന്നതിന്റെ കാരണം അതാണ്. പശു നൽകുന്ന ഓരോ കാര്യവും പ്രധാനമാണ് മതപരമായ ആചാരങ്ങളിൽ മുനിമാരും ദിവ്യന്മാരും തുളസി ഇലകൾ ഉപയോഗിച്ചിരുന്നു. പ്രമേഹരോഗികൾക്കുള്ള ഒരു പരിഹാരമാണ് തുളസി ഇല എന്ന് നമുക്കറിയാം, ” എം.എൽ.എ പറഞ്ഞു.

ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും ഉപയോഗത്തെക്കുറിച്ചും അവയെ കുറിച്ച് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങളെക്കുറിച്ചും ബിജെപി നേതാവും അസാമിന്റെ ധനമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ്മയിൽ നിന്ന് പഠിച്ചതായി അവർ പറഞ്ഞു.

Share this story