രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മൂന്നാമത്തെ മരണം; കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ

രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മൂന്നാമത്തെ മരണം; കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ

രാജ്യത്ത് മൂന്നാമത്തെ കൊവിഡ് 19 മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചികിത്സയിലിരുന്ന 64കാരനാണ് മരിച്ചത്. മുംബൈ കസ്തൂർബ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. ദുബൈയിൽ നിന്ന് നാട്ടിലെത്തിയ ശേഷമാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ കടുത്ത യാത്രാ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മലേഷ്യ, ഫിലിപ്പീൻസ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മാർച്ച് 31 വരെ ഇന്ത്യയിലേക്ക് പ്രവേശിക്കാനാകില്ല. ഇന്ത്യൻ പൗരൻമാർ ഉൾപ്പെടെയുള്ളവർക്ക് വിലക്ക് ബാധകമായിരിക്കും

കർണാടകയിലെ കൽബുർഗിയിൽ കൊവിഡ് രോഗം ബാധിച്ച് മരിച്ചയാളെ ചികിത്സിച്ച ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചു. രോഗിയെ വീട്ടിൽ എത്തി പരിശോധിച്ച ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഇതേ രോഗിയെ പരിചരിച്ച നഴ്‌സുമാരെ നിരീക്ഷണത്തിലാക്കിയിരുന്നു.

കാസർകോട് കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തി കൂടുതൽ ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഇവയെല്ലാം കണ്ടെത്തിയ ശേഷം റൂട്ട് മാപ്പ് തയ്യാറാക്കുമെന്നും കലക്ടർ വ്യക്തമാക്കി.

രാജ്യത്ത് 125 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 103 പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്. 13 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

Share this story