രഞ്ജൻ ഗോഗോയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി

രഞ്ജൻ ഗോഗോയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി

മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ നിന്നും പ്രതിപക്ഷ പാർട്ടികൾ ഇറങ്ങിപ്പോയി. ഭരണഘടനയുടെ അടിസ്ഥാനഘടനക്കെതിരായ ഏറ്റവും ഗുരുതരമായതും മാപ്പർഹിക്കാത്തതുമായ ആക്രമണങ്ങളിലൊന്നാണിതെന്ന് കോൺഗ്രസ് ആരോപിച്ചു

ഗോഗോയിയുടെ രാജ്യസഭാ ടിക്കറ്റിനെ അദ്ദേഹത്തിന്റെ സമകാലീനരായ ജഡ്ജിമാർ വരെ വിമർശിച്ചിരുന്നു. നീതിന്യായ വ്യവസ്ഥയെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണെന്നും സാധാരണക്കാർക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിന് ഇത് കാരണമാകുമെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് വിമർശിച്ചിരുന്നു. മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഗോഗോയിക്കൊപ്പം പത്രസമ്മേളനം നടത്തിയ നാല് ജഡ്ജിമാരിൽ ഒരാളായിരുന്നു കുര്യൻ ജോസഫ്

ഗോഗോയിയെ രാജ്യസഭാംഗമായി നാമനിർദേശം ചെയ്തതു ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിക്കുകയുണ്ടായി. സാമൂഹിക പ്രവർത്തകയും വിദ്യാഭ്യാസ വിദഗ്ധയുമായ മധുപൂർണിമ കിഷ്വാറാണ് പൊതുതാത്പര്യ ഹർജി നൽകിയത്.

Share this story