കൊവിഡ് 19: സംസ്ഥാനം പരിപൂർണ്ണമായി അടച്ചിടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

കൊവിഡ് 19: സംസ്ഥാനം പരിപൂർണ്ണമായി അടച്ചിടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനം പരിപൂർണമായും അടച്ചിടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. രോഗ ലക്ഷണമുള്ള എല്ലാവരിലും, ആരോഗ്യപ്രവർത്തകർക്കും, കൂടാതെ മുഴുവൻ ആളുകളൾക്കും കൊറോണ വൈറസ് ടെസ്റ്റ് ചെയ്യുവാനുള്ള നടപടി സർക്കാർ ഉടൻ സ്വീകരിക്കണമെന്നും ഐഎംഎ അറിയിച്ചു. സംസ്ഥാനം പരിപൂർണ്ണമായി അടച്ചിടുന്ന നടപടി സ്വീകരിക്കുന്നതിന് മുൻപ് തന്നെ എല്ലാവർക്കും ആഹാരവും അവശ്യ സാധനങ്ങളും എത്തിക്കാനുള്ള നടപടി സ്വീകരിക്കുകയും വേണം. ഇത്തരത്തിലുള്ള എല്ലാ മുൻകരുതലുകളും എടുത്ത് യുക്തമായ തീരുമാനം എടുക്കാൻ സർക്കാർ മുൻകൈ എടുക്കമമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ എബ്രഹാം വർഗീസും സംസ്ഥാന സെക്രട്ടറി ഡോ. ഗോപികുമാറും ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സമൂഹ വ്യാപനം മനസ്സിലാക്കുന്നതിനായി വ്യാപകമായി ടെസ്റ്റുകൾ നടത്തുകയും അതിന്റെ ഫലം അനുസരിച്ച് അതിശക്തമായ നടപടികൾ സർക്കാർ കൈകൊളളുകയും വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.സംസ്ഥാനത്തെ മൂന്നിലൊന്ന് ഡോക്ടർമാരെ രണ്ടാം നിരയായി മാറ്റിനിർത്തിക്കൊണ്ട് പകർച്ചവ്യാധി വ്യാപകമായി പകരുന്ന അവസ്ഥയെ നേരിടുവാൻ നിലവിൽ ഐഎംഎ സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ളവയോട് ഈക്കാര്യത്തിൽ അനുകൂലമായ തീരുമാനമെടുക്കുവാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദ്ദേശവും നൽകിയിട്ടുണ്ട്. സ്വകാര്യമേഖലയിലെ ആശുപത്രികളിലെ കിടക്കകളും, തീയറ്റർ മുറികളും ഇതിനായി സജ്ജമാക്കുന്നതിന് വേണ്ടിയുള്ള നിർദ്ദേശവും സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. 60 വയസ്സിന് മുകളിലുള്ള ഡോക്ടർമാരോട് കഴിവതും രോഗം പകരാൻ സാധ്യതയുള്ള ഉള്ള രംഗങ്ങളിൽ നിന്നും മാറി നിൽക്കുവാൻ ഐഎംഎ നിർദ്ദേശിച്ചു.

ഡോക്ടർമാർക്ക് ആവശ്യമുള്ളമാസ്‌കുകളും, മറ്റ് സ്വകാര്യ സുരക്ഷാഉപകരണങ്ങളും സംസ്ഥാനത്ത് ദൗർലഭ്യം ഇല്ലാതെ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവർക്കും ഹോം ഫോർ റെന്റ് ഇൻ നടപടികൾ പാലിക്കാൻ ശക്തമായ നിർദ്ദേശം നൽകാനും സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന 20 ഓളം പൊതുജനാരോഗ്യ വിദഗ്ധരുമായി വീഡിയോ കോൺഫറൻസിലൂടെ നടത്തിയ ചർച്ചക്ക് ശേഷമാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദ്ദേശങ്ങൾ പുറത്തിറക്കിയതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസും, സെക്രട്ടറി ഡോ. ഗോപി കുമാറും അറിയിച്ചു.

Share this story