ലോക്ക്ഡൗൺ; ഇന്റർനെറ്റ് വേഗതയിൽ വൻ ഇടിവ്, രാജ്യത്തെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഇനി എസ്ഡി കണ്ടൻ്റുകൾ മത്രം

ലോക്ക്ഡൗൺ; ഇന്റർനെറ്റ് വേഗതയിൽ വൻ ഇടിവ്, രാജ്യത്തെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഇനി എസ്ഡി കണ്ടൻ്റുകൾ മത്രം

രാജ്യത്തെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഇനി എസ്ഡി കണ്ടൻ്റുകൾ മത്രം. എച്ച്ഡി, അൾട്രാ എച്ച്ഡി വീഡിയോ കണ്ടൻ്റുകൾ താത്കാലികമായി നിർത്തുമെന്ന് സ്ട്രീമിംഗ് സൈറ്റുകൾ തീരുമാനിച്ചു. രാജ്യവ്യാപകമായി ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇൻ്റർനെറ്റ് ഉപയോഗം വർധിക്കുകയും രാജ്യത്തെ ഇൻ്റർനെറ്റ് വേഗത കുറയുകയും ചെയ്ത സന്ദർഭത്തിലാണ് നടപടി.

 

ഫേസ്ബുക്ക്, യൂട്യൂബ്, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്ട് സ്റ്റാർ തുടങ്ങിയ എല്ലാ സ്ട്രീമിംഗ്, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ വീഡിയോ കണ്ടൻ്റുകളുടെയും ക്വാളിറ്റി കുറക്കാനാണ് തീരുമാനം. മൊബൈൽ ഡാറ്റയിൽ പരമാവധി 480 പിക്സൽ വീഡിയോ വരെ മാത്രമേ സ്ട്രീം ചെയ്യാനാവൂ. പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികൾ യോഗം ചേർന്നാണ് രാജ്യത്തെ ഇൻ്റർനെറ്റ് വേഗതാ പ്രതിസന്ധി പരിഹരിക്കാനുള്ള ഇടപെടൽ നടത്താൻ ധാരണയായത്. ആളുകൾ വീട്ടിലിരിക്കുമ്പോൾ ഇൻ്റർനെറ്റ് ഉപയോഗം വർധിക്കുമെന്നും അപ്പോഴും വേഗതക്ക് തടസം ഉണ്ടാവരുതെന്നും കേന്ദ്രസർക്കാർ ടെലികോം സേവനദാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം.

സ്റ്റാർ ഡിസ്നി ഇന്ത്യ ചെയർമാൻ ഉദയ് ശങ്കറിന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ എൻ‌പി സിംഗ് (സോണി), സഞ്ജയ് ഗുപ്ത (ഗൂഗിൾ), അജിത് മോഹൻ (ഫേസ്ബുക്ക്), സുധാൻഷു വാട്സ് (വിയാകോം 18), ഗൌരവ് ഗാന്ധി (ആമസോൺ പ്രൈം വീഡിയോ), പുനിത് ഗോയങ്ക (സീ), നിഖിൽ ഗാന്ധി ( ടിക്ടോക്ക്), അംബിക ഖുറാന (നെറ്റ്ഫ്ലിക്സ്), കരൺ ബേഡി (എംഎക്സ് പ്ലെയർ), വരുൺ നാരംഗ് (ഹോട്ട്സ്റ്റാർ) എന്നിവർ പങ്കെടുത്തു.

Share this story